Friday, May 17, 2024
spot_img

ദൃശ്യവൈവിധ്യങ്ങൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് 21 വർഷം

ഇന്ന് ജൂലൈ 30, കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും, മലയാള സിനിമയെ സമ്പന്നമാക്കിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് 21 വർഷം. മലയാളികൾക്ക് ഭരതൻ സിനിമകൾ ഗൃഹാതുരമായ മനസ്സോടെ ഓർമ്മിക്കാവുന്ന ഏടുകളാണ്. മലയാള സിനിമയിൽ അന്നുവരെ ആരും കണ്ടിട്ടില്ലാത്ത പുതിയ ദൃശ്യസംസ്കാരത്തിന് തുടക്കമിട്ട ഭരതൻ സിനിമകൾ ഇന്നും മികവോടെ തെളിഞ്ഞ് നിൽക്കുന്നു.

1946 നവംബര്‍ 14ന് വടക്കാഞ്ചേരി എണക്കാട് ചാലിശ്ശേരി പരമേശ്വരന്‍ നായരുടേയും കാര്‍ത്ത്യായനിയമ്മയുടേയും മൂന്നാമത്തെ പുത്രനായാണ് ഭരതന്‍റെ ജനനം. വരകളുടെയും വർണങ്ങളുടെയും കരകൗശലത്തിന്‍റെയും വഴിയിലൂടെയാണ് ഭരതൻ സിനിമയോടടുത്തത്.

അക്കാലത്തെ പ്രശസ്ത സംവിധായകനായ പി എന്‍ മേനോൻ ഭരതന്‍റെ അമ്മാവനായിരുന്നു. അദ്ദേഹമാണ് ഭരതനെ കലാസംവിധായകനായി സിനിമയിലേക്ക് നയിക്കുന്നത്. വിൻസെന്‍റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ഭരതൻ ആദ്യമായി പ്രവർത്തിച്ചത്. പിന്നീട് കുറച്ച് ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു.

1975ൽ പ്രയാണം എന്ന ചിത്രത്തിലൂടെയാണ് ഭരതൻ സംവിധാന രംഗത്തേക്ക് കടക്കുന്നത്. കലാസംവിധായകനിൽനിന്ന്, സംവിധായകനായി വളർന്നപ്പോൾ, ദൃശൃഭാഷയ്ക്ക്, അദ്ദേഹം പുതിയ മാനം നൽകി. മലയാളസിനിമകളുടെ പരമ്പരാഗതമായ കാഴ്ചപ്പാടുകളുടെ, പൊളിച്ചെളുത്തായി അത്.

പ്രയാണത്തിന് ശേഷം പിന്നീട് 49 സിനിമകളാണ് ഭരതന്‍ സംവിധാനം ചെയ്തത്. എല്ലാ സിനിമകളും ഒരുപോലെ മലയാളി പ്രേക്ഷകള്‍ മനസ്സിലിട്ട് താലോലിക്കുന്നവ. 38 സിനിമകൾ മലയാളത്തിലും തമിഴില്‍ ഏഴ് സിനിമയും , തെലുങ്കില്‍ മൂന്നും , കന്നടയിലും ഹിന്ദിയിലും ഓരോന്നു വീതവും സിനിമകൾ !

തീക്ഷ്ണമായ പ്രണയവും സ്ത്രീ പുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും കുടുംബവുമെല്ലാം ഭരതന്‍ സിനിമകളുടെ പശ്ചാത്തലമായി. അവയില്‍ ചാമരം, തകര, മര്‍മ്മരം, ആലോലം, കാറ്റത്തെ കിളിക്കൂട്,പാഥേയം, താഴ് വാരം, രതിനിര്‍വ്വേദം, അമരം, നിദ്ര, ചാട്ട എന്നിവ മലയാളത്തിന്‍റെ ക്ലാസിക് എന്നുതന്നെ പറയാവുന്ന ചിത്രങ്ങളാണ്.

മനുഷൃജീവിതത്തിന്‍റെ അതിസൂക്ഷ്മവും സങ്കീർണ്ണവുമായ അവസ്ഥകളെയും, മാനസിക ഭാവങളെയും, സവിശേഷ ചാരുതയോടെ, അദ്ദേഹം വെള്ളിത്തിരയിലേക്ക് പകർത്തി. പ്രമേയത്തിൽ മാത്രമല്ല, ആവിഷ്ക്കാരത്തിലും, അവ വേറിട്ടു നിന്നു.

ഒരു നല്ല ചിത്രകാരൻ കൂടിയായിരുന്നു ഭരതൻ. ഒരു ചിത്രകാരന്‍റെ മനസ്സിൽ വിടർന്നു നിറയുന്ന ചിത്രങ്ങളും കഥാമുഹൂർത്തങ്ങളും അവയുടെ ആത്മാവിഷ്കാരങ്ങളും ഒത്തുചേർന്നപ്പോൾ ഭരതന്‍റെ ചിത്രങ്ങളെല്ലാം തന്നെ ഇന്ത്യൻ സിനിമാലോകത്തിനു മുതൽക്കൂട്ടുകളായി. സിനിമ നിർമ്മിക്കുന്നതിനുമുൻപ് പ്രധാന സിനിമാമുഹൂർത്തങ്ങള്‍ ചിത്രങ്ങളാക്കുകയെന്നത് ഭരതന്‍റെ ശീലമായിരുന്നു.

ചിത്രകല കൂടാതെ സംഗീതവും ഭരതന്‍റെ ജീവിതാവേശമായത് അദ്ദേഹത്തിന്‍റെ സിനിമകളിലെ ഗാനങ്ങൾക്കും ഗാനമുഹൂർത്തങ്ങൾക്കും വളരെ സഹായകരമായി നിലനിന്നു. പരിണയത്തിൽ തുടങ്ങി ചുരം വരെ നീണ്ട് നിൽക്കുന്ന ഭരതൻ ചിത്രങ്ങളിലെ ഗാനങ്ങൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവയാണ്. എം ബി ശ്രീനിവാസനും, എം ജി രാധാകൃഷ്ണനും, രവീന്ദ്രനും, ജോൺസണും, ദേവരാജനും, ഔസേപ്പച്ചനും, ജെറി അമൽദേവും, ബോംബേ രവിയും, ഇളയരാജയുമെല്ലാം ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം ഭരതൻ എന്ന പ്രതിഭയുടെ സ്പർശമുണ്ടായിരുന്നു.

1983 ൽ പുറത്തിറങ്ങിയ ഈണം എന്ന ചിത്രത്തിന് സംഗീതം പകർന്നുകൊണ്ട് ഭരതൻ സംഗീതസംവിധാനത്തിലേയ്ക്ക് കടന്നു. തുടർന്ന് കാതോട് കാതോരം എന്ന ചിത്രത്തിലെ കാതോട് കാതോരം, താഴ്‌വാരത്തിലെ കണ്ണെത്താ ദൂരം മറുതീരം, കേളിയിലെ താരം വാൽക്കണ്ണാടി തുടങ്ങിയ ഗാനങ്ങൾ ഭരതന്‍റെ സംഗീതത്തിൽ പിറന്നവയായിരുന്നു.

കലാസംവിധാനം, സംവിധാനം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം നിരവധി അംഗീകാരങ്ങൾ ഭരതനെ തേടിയെത്തി. രണ്ട് ദേശീയ അംഗീകാരങ്ങളും പന്ത്രണ്ടോളം സംസ്ഥാന പുരസ്‌കാരങ്ങളും ഭരതനും, ഭരതന്‍ ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ പ്രയാണം 1975 ലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച സംവിധായകൻ, കലാസംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും നേടി. 1979 ൽ തകരയിലൂടെ വീണ്ടും സംവിധാന – കലാ സംവിധാന അവാർഡ് നേടിയ അദ്ദേഹം ചാമരത്തിലൂടെ 80 ലും ഓർമ്മയ്ക്കായി എന്ന ചിത്രത്തിലൂടെ 82 ലും ഇതേ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി.

81 ൽ ചാട്ടയ്ക്ക് മികച്ച കലാസംവിധാനത്തിനും 82 ൽ മർമ്മരത്തിനു മികച്ച ചിത്രത്തിനും 84 ൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നെ ചിത്രത്തിനു കലാ സംവിധാനത്തിനും അവാർഡ് നേടിയ അദ്ദേഹത്തിന്റെ ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം 87 ലും വെങ്കലം 92 ലും ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. കമലഹാസൻ നിർമ്മിച്ച് ശിവാജിയും കമലും അഭിനയിച്ച തേവർമകൻ 1992 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. കൂടാതെ ഫിലിം ഫെയറടക്കം എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളും ആ തികഞ്ഞ കലാ ഇതിഹാസത്തെ തേടിയെത്തി.

എണ്ണിയാൽ തീരാത്ത അവാർഡുകൾ നേടി ഒരു പിടി നല്ല സിനിമകളും ബാക്കിവെച്ച് 1998 ജൂലായ് 30നാണ് ഭരതന്‍ ഇഹലോകവാസം വെടിഞ്ഞത്. ആ നല്ല സിനിമകൾ ചിത്രങ്ങൾ പുതിയ തലമുറയ്ക്ക് ആശ്ചര്യം സമ്മാനിച്ചുകൊണ്ട് ഇന്നും ഓർമകളില്‍ നിറഞ്ഞു നിൽക്കുന്നു.

Related Articles

Latest Articles