26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയാകാൻ നടി ഭാവനയെത്തി. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.
വേദിയിൽ ഭാവന എത്തിയത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.ഷാജി എൻ കരുൺ പൂക്കൾ നൽകിയാണ് ഭാവനയെ വേദിയിലേക്ക് ആനയിച്ചത്. അതേസമയം നിശാഗന്ധി തീയറ്ററിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
അതേസമയം 15 സ്ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്‍ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങള്‍.

