Monday, September 21, 2026

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി: സംസ്ഥാന അദ്ധ്യക്ഷൻ കഴിവുകെട്ടവനും അഴിമതിക്കാരനുമെന്ന് തുറന്നടിച്ച് നവജ്യോത് കൗർ സിദ്ദു പാർട്ടി വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

ചണ്ഡീഗഢ് : പഞ്ചാബ് കോൺഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് വഴിമരുന്നിട്ടുകൊണ്ട് മുൻ എംഎൽഎയും നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യയുമായ ഡോ. നവജ്യോത് കൗർ സിദ്ദു പാർട്ടി വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ന് നടക്കുന്ന പഞ്ചാബ് സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ട് എക്സിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് കൗർ കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. ഇതോടെ കൗറും സിദ്ദുവും ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരക്കാൻ ഇടയാക്കിയിട്ടുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അവർ പടിയിറങ്ങിയത്.

കോൺഗ്രസ് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനുമായ പ്രസിഡന്റാണ് രാജാ വാറിങ്ങെന്ന് നവജ്യോത് കൗർ ആരോപിച്ചു. ജയിൽവാസം ഒഴിവാക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ചേർന്ന് കോൺഗ്രസിനെ തകർക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും ആം ആദ്മി പാർട്ടിയുമായി ചേർന്ന് പാർട്ടിയെ വിൽക്കുകയാണെന്നും അവർ ആഞ്ഞടിച്ചു. പാർട്ടിയെ നശിപ്പിക്കാൻ തെളിവുകൾ തന്റെ പക്കലുണ്ടെന്നും എന്നാൽ ആർക്കും പ്രാധാന്യം നൽകാത്ത ഒരു പാർട്ടിയിൽ ഇനി തുടരാൻ താല്പര്യമില്ലാത്തതിനാലാണ് രാജി വെക്കുന്നതെന്നും കൗർ വ്യക്തമാക്കി

മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി രൂപ നൽകുന്നവർക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്ന കൗറിന്റെ പഴയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് ഡിസംബറിൽ അവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തന്റെ സസ്പെൻഷൻ രാഷ്ട്രീയ പ്രേരിതമാണെന്നും സിദ്ദുവിനെ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് പാർട്ടി വലിയ സ്ഥാനങ്ങൾ നൽകിയെന്നും അവർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഭഗവന്ത് മാനെയും കൗർ വിമർശിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമായിരുന്നിട്ടും അദ്ദേഹം മൂന്ന് തവണയും വിജയിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണെന്ന് അവർ ചൂണ്ടിക്കാട്ടി.

സിദ്ദു ദമ്പതികൾ കോൺഗ്രസ് വിടുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കും. അമൃത്സർ ഈസ്റ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ രാഷ്ട്രീയ ജീവിതം തുടങ്ങിയ കൗർ, 2017-ലാണ് ഭർത്താവിനൊപ്പം കോൺഗ്രസിൽ ചേർന്നത്. പ്രധാനമന്ത്രിയെ എതിർക്കുന്ന രാഷ്ട്രീയക്കാരെ ‘കള്ളന്മാർ’ എന്ന് വിശേഷിപ്പിച്ച കൗറിന്റെ പുതിയ നിലപാട് ബി.ജെ.പിയിലേക്കുള്ള തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നവ്ജ്യോത് സിങ് സിദ്ദുവും ഉടൻ തന്നെ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles