ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക ഉപകരണ നിർമ്മാതാക്കളുടെ തീരുമാനം. പ്രമുഖ ഇന്ത്യൻ സ്പോർട്സ് കമ്പനിയായ എസ്ജി (SG), ബംഗ്ലാദേശ് താരങ്ങളുമായുള്ള സ്പോൺസർഷിപ്പ് കരാറുകൾ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ പല പ്രമുഖ താരങ്ങൾക്കും തങ്ങളുടെ ബാറ്റ് സ്പോൺസർമാരെ മാറ്റേണ്ടി വരും. ബംഗ്ലാദേശ് നായകൻ ലിറ്റൺ ദാസ്, യാസിർ റബ്ബി, മൊമിനുൽ ഹഖ് തുടങ്ങിയ മുൻനിര താരങ്ങൾക്ക് നിലവിൽ എസ്ജിയാണ് സ്പോൺസർഷിപ്പ് നൽകുന്നത്. കരാർ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് താരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ സ്പോൺസർഷിപ്പ് നഷ്ടമാകുമെന്ന് താരങ്ങളുടെ ഏജന്റുമാർ സൂചന നൽകി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. ഇതിന് മറുപടിയായി മുസ്തഫിസുറിന് ഐപിഎല്ലിൽ കളിക്കാനുള്ള എൻഒസി (NOC) നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ, 2026 ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ഐസിസിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ജനുവരി നാലിന് ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഈ വിവാദപരമായ ആവശ്യം ഉന്നയിച്ചത്.
എസ്ജിക്ക് പിന്നാലെ മറ്റ് ഇന്ത്യൻ കായിക ഉപകരണ നിർമ്മാതാക്കളും ബംഗ്ലാദേശ് താരങ്ങളെ ബഹിഷ്കരിക്കാൻ സാധ്യതയുണ്ടെന്നാണ് സ്പോൺസർഷിപ്പ് രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഇത് ബംഗ്ലാദേശിലെ കായിക വിപണിയെയും താരങ്ങളുടെ വരുമാനത്തെയും ദോഷകരമായി ബാധിക്കും. നിലവിലെ സാഹചര്യത്തിൽ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിട്ടുള്ള ബംഗ്ലാദേശ് കൊൽക്കത്തയിലും മുംബൈയിലുമായി വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവരുമായാണ് ഏറ്റുമുട്ടേണ്ടത്. മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷയിൽ ഐസിസി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

