Thursday, May 16, 2024
spot_img

ബംഗാൾ സർക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി; ദി കേരള സ്റ്റോറി പ്രദർശന വിലക്ക് പിൻവലിച്ചു

ദില്ലി : പശ്ചിമബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ദി കേരള സ്റ്റോറി പ്രദർശനം വിലക്കിയ ബംഗാൾ സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബംഗാളിൽ സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് ആവശ്യമായ സുരക്ഷ ലഭ്യമാക്കണമെന്നുംകോടതി ഉത്തരവിട്ടു. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജികളിൽ വേനലവധിക്കുശേഷം വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

സിനിമയിൽ രണ്ട് ഡിസ്ക്ലെയ്മറുകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. 32,000 സ്ത്രീകളെ സിറിയിലേക്ക് കൊണ്ടു പോയി മതം മാറ്റിയെന്നതിന് ആധികാരിക രേഖയില്ല. സിനിമ ഫിക്ഷനാണ് എന്നിവ ചേർക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. രാജ്യത്ത് മറ്റിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നുവെങ്കിൽ ബംഗാളിൽ മാത്രം എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്നായിരുന്നു ബംഗാൾ സർക്കാരിന്റെ മറുപടി. എന്നാൽ കോടതി ഇതിനോട് യോജിച്ചില്ല.

നേരത്തെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് ആരോപിച്ചാണ് ബംഗാളിൽ മമതാബാനർജി സർക്കാർ നിരോധിച്ചത്. .

Related Articles

Latest Articles