രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നായ സൊമാറ്റോയ്‌ക്ക് നേരെ രൂക്ഷമായ വിമർശനം. കമ്പനി സ്പീഡ് ഡെലിവറി സംവിധാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൊമാറ്റോയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സൊമാറ്റോ ഇൻസ്റ്റന്റ് എന്ന് വിളിക്കപ്പെടുന്ന അതിവേഗ ഡെലിവറി സംവിധാനത്തെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചത് (Biggest news from zomato to start 10 minute ultra fast delivery).
വെറും പത്ത് മിനിറ്റിനുള്ളിൽ ഓർഡർ ചെയ്ത ഭക്ഷണമെത്തുമെന്നായിരുന്നു ഇവർ പ്രഖ്യാപിച്ചത്. അടുത്ത മാസം മുതൽ ഗുരുഗ്രാമിൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ വ്യക്തമാക്കിയിരുന്നു.
പക്ഷെ, സ്പീഡ് ഡെലിവറി സംവിധാനം നടപ്പിലാക്കുന്നതിനോട് വ്യാപകമായ വിയോജിപ്പായിരുന്നു സോഷ്യൽ മീഡിയയിൽ. പത്ത് മിനിറ്റിനുള്ളിൽ എത്താനുള്ള ഡെലിവറി ബോയ്‌സിന്റെ ഓട്ടം വാഹനാപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ആഹാരത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നായിരുന്നു വിമർശനങ്ങൾ.
ഡെലിവറി ബോയ്‌സിന്റെ ജീവനെപോലും അപകടത്തിലാക്കുന്നതും അവരുടെയുള്ളിൽ സമ്മർദ്ദം ചെലുത്തുന്നതുമാണ് പുതിയ സംവിധാനമെന്ന രീതിയിലും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഡെലിവറി സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും. 10 മിനിറ്റിനുള്ളിൽ എല്ലാ ഭക്ഷണ സാധനങ്ങളും എത്തിക്കുകയില്ലെന്നും ഇതിന് സാധ്യമാകുന്ന ആഹാര സാധനങ്ങളെ പ്രത്യേകം തരംതിരിച്ചിട്ടുണ്ടെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം.
പോപ്പുലർ, സ്റ്റാൻഡേർഡൈസ്ഡ് എന്നീ വിഭാഗത്തിൽ വരുന്ന ആഹാര സാധനങ്ങളാണ് പത്ത് മിനിറ്റിനുള്ളിൽ എത്തിക്കുക. ബ്രഡ് ഒംലെറ്റ്, പൊഹ, കോഫീ, ചായ, ബിരിയാണി, മോമോസ് തുടങ്ങിയവ ഓർഡർ ചെയ്താൽ പത്ത് മിനിറ്റിനുള്ളിൽ എത്തുന്നതാണ്. എന്നാൽ നൂഡിൽസ്, ഫ്രൈഡ്‌റൈസ്, പിസ എന്നിവയുടെ ഡെലിവറിയ്‌ക്ക് അരമണിക്കൂറോ അതിൽ കൂടുതൽ സമയമോ വേണ്ടി വരുമെന്നും സൊമാറ്റോ അറിയിച്ചു.
അതേസമയം ഗതാഗത സുരക്ഷയെക്കുറിച്ച് ഡെലിവറി ഏജന്റുമാരെ ബോധവത്കരിക്കുന്നത് കമ്പനി തുടരുമെന്നും അവർക്ക് ലൈഫ് ഇൻഷുറൻസ് നൽകുമെന്നും ഗോയൽ കൂട്ടിച്ചേർത്തു. ഇതിനോടൊപ്പം, ഡെലിവറി വൈകിയാൽ പിഴ ഈടാക്കില്ലെന്നും ഗോയൽ ഉറപ്പുനൽകി. ഡെലിവറി നടത്തുന്ന ജീവനക്കാരുടെ സുരക്ഷയ്‌ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പെട്ടെന്ന് ഡെലിവറി നടത്തുന്നത് സംബന്ധിച്ച സമ്മർദ്ദം അവർക്ക് മേൽ ചുമത്തുകയില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

