Friday, May 3, 2024
spot_img

വ്യാജ ഒപ്പിട്ട് എംഎൽഎയുടെ ഭർത്താവ് തട്ടിയെടുത്തത് ലക്ഷങ്ങൾ; വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടും മൗനം മാത്രം

കട്ടപ്പന: തിരഞ്ഞെടുപ്പ് ചെലവിലേക്കായി വായ്പ വാങ്ങിയ 15 ലക്ഷം രൂപ എംഎൽഎയുടെ ഭർത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നു പരാതി. പീരുമേട് എംഎൽഎ ഇഎസ് ബിജിമോളുടെ ഭര്ത്താവ് പിജെ റെജിക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഉപ്പുതറ കോതപാറ കപ്പാലുമൂട്ടിൽ കെ.എം. ജോണാണ് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്കിയത്.

സിഎംപി 794/2020 പ്രകാരം പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വഞ്ചനാക്കേസ് ഫയൽ ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ പീരുമേട് സിഐയോടു കോടതി നിർദേശിച്ചിട്ടുണ്ട്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോണും ഭാര്യയും റെജിയുടെ ഏലപ്പാറയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ജോണിന്റെ പേരിലുള്ള 79.5 സെന്റ് സ്ഥലം ഏലപ്പാറ കേരള ഗ്രാമീണ് ബാങ്കിൽ പണയം വയ്ക്കുകയായിരുന്നു.
റെജിയാണ് 2016 മേയ് 11ന് രേഖകൾ ജോണിൽ നിന്ന് ഒപ്പിടുവിച്ചു വാങ്ങിയത്. വായ്പയായി ലഭിച്ച തുക അതേ ബാങ്കിൽ ജോണിന്റെ പേരിൽ നിക്ഷേപിക്കുകയും ചെയ്തു.13-ന് ബാങ്കിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജോൺ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന 15 ലക്ഷം രൂപ റെജി പിൻവലിച്ചെന്നറിഞ്ഞത്. ജോണിന്റെ വ്യാജ ഒപ്പിട്ട് ചെക്ക് നല്കിയാണ് തുക പിൻവലിച്ചെതെന്നും അറിഞ്ഞു.

പിന്നീട് മടക്കിച്ചോദിച്ചെങ്കിലും പണം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് ജോണിന് ബാങ്കിൽ നിന്നു ജപ്തി നോട്ടീസ് ലഭിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരോടു പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ജോൺ കഴിഞ്ഞ 30-ന് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്കിയത്.

Related Articles

Latest Articles