തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ജയിൽ വകുപ്പ് നിയമ പ്രകാരം നടപടി മുന്നറിയിപ്പുമായി ഡിജിപി ഋഷിരാജ് സിങ്. സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്നയെ ജയിലിൽ സന്ദർശിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നും വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകൾസന്ദർശകരിൽ ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങൾ ലംഘിച്ചാണ് ഇവർ സന്ദർശനം നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കൾ, സഹോദരൻ, ഭർത്താവ് എന്നിവർക്കാണ് സന്ദർശനത്തിന് അനുമതി നൽകിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ജയിൽ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സന്ദർശനം നടത്തിയത്. സന്ദർശന അപേക്ഷ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച് അവരുടെ സമ്മതത്തിലും സാന്നിധ്യത്തിലും ബുധനാഴ്ച 3 മണിക്കാണ് സന്ദർശനം നടന്നിട്ടുള്ളത്. ഈ വിവരങ്ങൾ ജയിലിലെ രജിസ്റ്ററിലും സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. വാർത്ത പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തില്ലെങ്കിൽ കെ. സുരേന്ദ്രനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

