അരൂർ: ആലപ്പുഴയില്‍ ബൈക്ക് മോഷണകേസിലെ പ്രതി പോലീസ് പിടിയിൽ. ആരൂര്‍ ചന്തിരൂര്‍ സ്വദേശിയായ പുതുവൽവീട് വിഷ്ണുവാണ് (21) അരൂർ പൊലീസിന്റെ വലയിൽ കുടുങ്ങിയത്.
അരൂരിലെ ചെരിപ്പ് വിൽപന കേന്ദ്രത്തിലെ ജീവനക്കാരനായ കൊല്ലം മയ്യനാട് തോപ്പിൽവീട്ടിൽ നൗഷാദിന്റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ മാസം 27ന് ആണ് ഷോപ്പിനോട് ചേർന്നുള്ള ഗോഡൗണിൽനിന്നും ബൈക്ക് കാണാതെപോയത്.നൗഷാദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു,ഒടുവിൽ സിസിടിവി ദൃശ്യങ്ങളാണ് കള്ളനെ കുരുക്കിയത്.
അരൂർ എസ്. ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മോഷണം നടന്ന മേഖലയിലെ സി. സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിഷ്ണുവിനെ തിരിച്ചറിഞ്ഞത്.തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

