Wednesday, May 15, 2024
spot_img

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി?: അമ്പലപ്പുഴയിൽ ആയിരക്കണക്കിന് താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; പ്രതിസന്ധിയിൽ കർഷകർ

ആലപ്പുഴ: അമ്പലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. പക്ഷിപ്പനിയാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ സാമ്പിളുകൾ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

അമ്പലപ്പുഴ പുറക്കാട്‌ 4000ത്തിലധികം താറാവുചത്തിരുന്നു. പുറക്കാട് ആറാം വാർഡ് ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ താറാവുകളാണ് ചത്തത്‌. ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് വളർത്തിയിരുന്ന താറാവുകൾ ചത്തതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. സമീപത്തെ മറ്റ് കർഷകരുടെയും അവസ്ഥ സമാനമാണ്.

സംഭവമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല. മുൻപ് പക്ഷിപ്പനി മൂലം താറാവുകൾ ചത്തതിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഇത്തവണയും കാണുന്നതെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ നിരവധി താറാവുകൾക്ക് നിലവിൽ രോഗലക്ഷണങ്ങളുണ്ടെന്നും കർഷകർ പറയുന്നു.

Related Articles

Latest Articles