ദുൽഖർ സൽമാന്റെ ആരാധകർക്ക് പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി ‘ഐ ആം ഗെയിം’ ടീം. താരത്തിന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ എന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ സ്റ്റൈലിഷ് പോസ്റ്ററിലൂടെ പ്രഖ്യാപിച്ചത്.
2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസിന്റെ കീഴിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐ ആം ഗെയിം’നുണ്ട്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ഒരുക്കിയത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ അതീവ സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിരുന്നു.
ദുൽഖറിനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവർ ഉൾപ്പെടുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്.
ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ചമൻ ചാക്കോയും സംഘട്ടനം അൻപറിവ് മാസ്റ്റേഴ്സും കൈകാര്യം ചെയ്യുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായാണ് ‘ഐ ആം ഗെയിം’ പ്രേക്ഷകരിലേക്ക് എത്തുന്നത്. വേഫെറർ ഫിലിംസിന്റെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തിൽ നിന്ന് വലിയ പ്രതീക്ഷകളാണ് സിനിമാപ്രേമികൾ പുലർത്തുന്നത്. ഇന്ന് പുറത്തിറങ്ങുന്ന ട്രെയ്‌ലർ ആ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തേകുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

