ബിജെപി നേതാക്കൾ തൻ്റെ സർക്കിനെ മറിച്ചിടാൻ ശ്രമിക്കുന്നതിൻ്റെ ഫോൺ സംഭാഷണം പുറത്ത് വിട്ട കർണ്ണാടക മുഖ്യമന്തി കുമാരസ്വാമിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച്‌ ബിജെപി.

കർണ്ണാടക നിയമസഭയിൽ എംഎൽസി സ്ഥാനാർഥികളാകാൻ ടിക്കറ്റ് മോഹികളിൽ നിന്നും സീറ്റിന് 25 കോടി രൂപ ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ക്ലിപ്പ് തൻ്റെ കൈവശമുണ്ടെന്ന അവകാശവാദവുമായി ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി രംഗത്തെത്തി.

അധികം വൈകാതെ വീഡിയോ ക്ലിപ്പ് പുറത്ത് വിടുമെന്ന് മഹാദേവപുരയിൽ നിന്നുള്ള എംഎൽഎയായ അരവിന്ദ് ലിംബാവലി പറഞ്ഞു. വീഡിയോ തെളിവ് സ്‌പീക്കർക്ക് മുൻപാകെ സമർപ്പിക്കും. വീഡിയോ കണ്ട ശേഷം സ്പീക്കർ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെടുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് അരവിന്ദ് പറഞ്ഞു. ബിജെപിക്കെതിരെ അസത്യ പ്രചാരണമാണ് കുമാരസ്വാമി നടത്തുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.