തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനെതിരെ ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഇരുപതാം തീയതിക്ക് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ബി എൽ ഒ മാർ ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു ബൂത്തിൽ 25 മുതൽ 40 വരെ വോട്ടർമാർക്ക് ഒഴിവാക്കൽ നോട്ടിസ് കിട്ടിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പരാതി ഗൗരവമുള്ളതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി വട്ടിയൂർക്കാവ് നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ആർ സന്ദീപ് എന്നിവരാണ് പരാതി നൽകിയത്. സി പി എം അനുഭാവികളായ ബി എൽ ഒമാരാണ് ഇതിന് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു.

