ദില്ലി : അടുത്തമാസം 5-ന് നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് സങ്കൽപ് പത്ര എന്ന പേരിലുള്ള പ്രകടനപത്രികയുടെ ആദ്യഭാഗം പുറത്തിറക്കിയത്. അഴിമതിരഹിത ഭരണവും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യും എന്നുള്ളത് ബിജെപി ഉറപ്പു നൽകുന്നതായി പത്രിക പുറത്തിറക്കിക്കൊണ്ട് ജെ പി നദ്ദ പറഞ്ഞു.
സ്ത്രീകൾക്കുള്ള പ്രത്യേക സഹായങ്ങൾ, ആരോഗ്യ സംരക്ഷണം, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പരിഗണന, ഭക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളുടെ രൂപരേഖയാണ് ബിജെപിയുടെ പ്രകടനപത്രികയിൽ വിവരിക്കുന്നത്.
മഹിളാ സമൃദ്ധി യോജന പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകും. പാവപ്പെട്ട സ്ത്രീകൾക്ക് എൽപിജി സിലിണ്ടറിന് 500 രൂപ സബ്‌സിഡി നൽകുന്നത് കൂടാതെ ഹോളി, ദീപാവലി പോലെയുള്ള ആഘോഷ അവസരങ്ങളിൽ ഓരോ സിലിണ്ടർ വീതം സൗജന്യമായി നൽകും. മാതൃത്വ സുരക്ഷാ വന്ദന യോജന പദ്ധതി വഴി ഗർഭിണികൾക്ക് 21,000 രൂപയും മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് ആറ് പോഷകാഹാര കിറ്റുകളും നൽകും.
60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ 2,000 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തും. വിധവകൾ, ഭിന്നശേഷിക്കാർ, നിരാലംബർ, 70 വയസ്സിനു മുകളിലുള്ളവർ എന്നിവരുടെ പെൻഷൻ 2,500 രൂപയിൽ നിന്ന് 3,000 രൂപയായും ഉയർത്തും. പാവപ്പെട്ടവർക്ക് കേവലം 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്ന അടൽ കാൻ്റീൻ, ദില്ലിയിലെ 51 ലക്ഷം നിവാസികൾക്കായി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പൂർണമായ നടത്തിപ്പ് തുടങ്ങിയവയാണ് ബിജെപി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

