Wednesday, May 15, 2024
spot_img

കോൺഗ്രസ്സിന്റെ കണക്കുകൂട്ടലിന് തിരിച്ചടി നൽകി ബിജെപി |BJP

2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഏറെ നിർണ്ണായകമാണ് .2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഗുണകരമാകുംവിധം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാൻ ബി.ജെ.പി ഒരുക്കം തുടങ്ങി കഴിഞ്ഞു . മൂന്നു സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്രനേതൃത്വം ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നാലരമണിക്കൂറോളം ഉന്നതതല യോഗം ചേർന്നിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിസ്ഥാനാർഥികളെ കുറിച്ച് യോഗത്തിൽ ചർച്ചകൾ നടന്നു. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവരും പങ്കെടുത്തു. ഇതിന് പിന്നാലെ അമിത് ഷായും നഡ്ഡയും രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ബി,ജെ.പി. അധ്യക്ഷന്മാരുമായും ചർച്ചകൾ നടത്തി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കന്മാരെ കുറിച്ച് ഷായും നഡ്ഡയും സംസ്ഥാന അധ്യക്ഷന്മാരോട് വിവരങ്ങൾ തേടിയെന്നാണ് സൂചന.

മൂന്ന് സംസ്ഥാനങ്ങളിലേക്കും ബി.ജെ.പി. ഉടൻതന്നെ നിരീക്ഷകരെ നിയമിച്ചേക്കും. ഇവർ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗങ്ങൾക്ക് മേൽനോട്ടം വഹിക്കും.മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർഥികളിൽ ഒരാൾ. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, മുതിർന്ന നേതാവ് കൈലാഷ് വിജയവർഗിയ എന്നിവരും മുഖ്യമന്ത്രിസ്ഥാനാർഥികളാണ്.

മുൻമുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, അർജുൻ രാം മേഘ്‌വാൾ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി, മഹന്ത് ബാലക് നാഥ്, ദിയാ കുമാരി തുടങ്ങിയവരാണ് രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പേരുകൾ.ഛത്തീസ്ഗഢിൽ മുൻമുഖ്യമന്ത്രി രമൺ സിങ്, സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ അരുൺ കുമാർ സാവോ, പ്രതിപക്ഷ നേതാവായിരുന്ന ധരംലാൽ കൗശിക്, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഒ.പി. ചൗധരി എന്നിവരെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

അതേസമയം സംസ്ഥാനത്തും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സംസ്ഥാന ബിജെപി കടക്കുന്നു.ഡിസംബറിൽ എല്ലാ ജില്ലകളിലും എൻഡിഎ ജില്ലാ കൺവൻഷനുകൾ നടക്കും . തുടർന്ന് നിയോജക മണ്ഡലം തല കൺവൻഷനുകൾ പൂർത്തിയാക്കും.കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ക്രിസ്മസ് ആശംസകളുമായി നേതാക്കളും പ്രവർത്തകരും സന്ദർശനം നടത്തും.ഡിസംബർ 20 നും 30 നും ഇടയിലായിരിക്കും സന്ദർശനം.

സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദർശനം.സംസ്ഥാന അധ്യക്ഷൻ പദയാത്രയും നടത്തും.ജനുവരിയിലാണ് 20 പാർലമെൻറ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര സംഘടിപ്പിക്കുന്നത്…എൻഡിഎ യുടെ നേതൃത്വത്തിലാകും പദയാത്ര.25000 പ്രവർത്തകരെ ഓരോ ദിവസവും പദയാത്രയിൽ പങ്കെടുപ്പിക്കും.

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും ചെറുതല്ലാത്ത ചലനങ്ങൾഉണ്ടാക്കുമെന്നുറപ്പാണ്. കർണ്ണാടക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തിൽ 2019 ആവർത്തിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോൺഗ്രസ്സിന് കരുത്തില്ലെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുലക്ഷ്യമിട്ട് സിപിഎം ശക്തമാക്കും.ഇക്കുറിയെങ്കിലും ലോക്സഭയിലേക്ക് കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കണമെന്ന പ്രധാന ലക്ഷ്യമാണ് ബിജെപിക്കുള്ളത്

Related Articles

Latest Articles