Tuesday, May 21, 2024
spot_img

‘ഗോമൂത്ര സംസ്ഥാനങ്ങൾ’; വിവാദ പരാമർശം പിൻവലിച്ച് ഡിഎംകെ. എംപി ഡിഎന്‍വി സെന്തില്‍കുമാര്‍; ലോക്‌സഭയിലും മാപ്പപേക്ഷ ; കൈയ്യൊഴിഞ്ഞ് ഡിഎംകെയും കോൺഗ്രസും

ദില്ലി : ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വൻ വിജയം നേടിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് ഡിഎംകെ. എംപി ഡിഎന്‍വി സെന്തില്‍കുമാര്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ പരാമര്‍ശം മനഃപൂര്‍വ്വമല്ലെന്ന് പറഞ്ഞ സെന്തില്‍കുമാര്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.

‘ഇന്നലെ ഞാന്‍ നടത്തിയ പരാമര്‍ശം മനഃപൂര്‍വ്വമായിരുന്നില്ല. എന്റെ പരാമര്‍ശം ഏതെങ്കിലും ലോക്‌സഭാംഗങ്ങളെയോ ജനവിഭാഗങ്ങളെയോ വേദനിപ്പിച്ചെങ്കില്‍ ഞാനത് പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ നീക്കം ചെയ്യണെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ -സെന്തില്‍കുമാര്‍ പറഞ്ഞു.

സംഭവത്തിൽ ഇന്നലെ സെന്തില്‍കുമാര്‍ മാപ്പ് പറഞ്ഞിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്നായിരുന്നു സെന്തില്‍ കുമാര്‍ വിശേഷിപ്പിച്ചത്. ദുരുദ്ദേശമില്ലാതെയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും സെന്തില്‍ കുമാര്‍ ഇന്നലെ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

“ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വിജയിക്കുന്നത്. ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് അവയെ വിളിക്കുന്നത്” എന്നായിരുന്നു സെന്തില്‍ കുമാറിന്റെ വിവാദ പരാമർശം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്ത് വന്നിരുന്നു . രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്നും ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെയ്ക്ക് ഉടന്‍ മനസിലാകുമെന്നും രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് കേന്ദ്രമന്ത്രി തുറന്നടിച്ചത്.

അതേസമയം സെന്തില്‍കുമാറിന്റെ പരാമര്‍ശം ശരിയായില്ലെന്ന് ഡിഎംകെ. എംപി ടിആര്‍. ബാലു ലോക്‌സഭയില്‍ പറഞ്ഞു. ഡിഎംകെ അദ്ധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ സെന്തില്‍കുമാറിന് താക്കീത് നല്‍കിയെന്നും അദ്ദേഹം സഭയെ അറിയിച്ചു.

സെന്തില്‍കുമാറിന്റെ പരാമര്‍ശം തള്ളി കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. സെന്തില്‍കുമാറിന്റെ വാക്കുകള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞത്.

Related Articles

Latest Articles