Friday, April 19, 2024
spot_img

തരൂർ ഇത്തവണ വിയർക്കും !!
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനായി ബിജെപി തിരുവനന്തപുരവും പരിഗണിക്കുന്നു

ദില്ലി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശക്തമായ മത്സരം നടന്നേക്കുമെന്ന സൂചനകൾ നൽകിക്കൊണ്ട് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നു. തിരുവനന്തപുരം, ബെംഗളൂരു റൂറല്‍, വിശാഖപ്പട്ടണം റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നാകും അദ്ദേഹം മത്സരിക്കുക. നിലവിലെ എം.പി. ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നതെങ്കില്‍ ജയശങ്കര്‍ കൂടി എതിർസ്ഥാനത്തുവന്നാൽ വമ്പൻ പോരാട്ടത്തിന് തന്നെ തലസ്ഥാനം സാക്ഷ്യം വഹിക്കും.

തിരുവനന്തപുരം, ബെംഗളൂരു റൂറല്‍, വിശാഖപട്ടണം റൂറല്‍ എന്നിവിടങ്ങളിലെ യുവജനങ്ങളുമായി സംവദിക്കാൻ ജയശങ്കറിന് പാർട്ടി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ് ജയശങ്കര്‍. നായര്‍സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നത് പരസ്യമായ രഹസ്യമാണ് .തമിഴ് ബ്രാഹ്‌മണ സമുദായാംഗമാണ് ജയശങ്കര്‍.

അതെ സമയം നിയമസഭയിലേക്ക് മത്സരിച്ച് കേരളരാഷ്ട്രീയത്തിൽ സജീവമാകാനുള്ള താത്പര്യം തരൂര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സീറ്റില്‍നിന്ന് തരൂര്‍ പിന്മാറുകയും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ ലോക്സഭാ മണ്ഡലം നിലനിര്‍ത്താന്‍ മറ്റൊരു മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത് കോണ്‍ഗ്രസിന് ബാലികേറാ മലയാകും എന്നുറപ്പാണ്.

Related Articles

Latest Articles