ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ (By Election)ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറുന്നു. കർണാടകയിലും മധ്യപ്രദേശിലും അസമിലും തെലങ്കാനയിലും ഉൾപ്പെടെ ബിജെപി ലീഡ് ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 13 സംസ്ഥാനങ്ങളിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.
അതേസമയം അസമിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി (BJP)ലീഡ് തുടരുകയാണ്. ഹിമാചലിലെ 2 മണ്ഡലങ്ങളിൽ കോൺഗ്രസും ഒരിടത്ത് ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിലെ എല്ലാനാബാദിൽ ഐഎൻഎൽഡിയാണ് രണ്ടാം ഘട്ടത്തിലും ലീഡ് തുടരുന്നത്. ദാദ്ര നഗർ ഹവേലിയിലെ ലോക്‌സഭ സീറ്റിൽ ശിവസേനയാണ് മുന്നിൽ. മുൻ എംപി മോഹൻ ദേൽക്കറിന്റെ ഭാര്യ കലാബെൻ ദേൽക്കറാണ് ശിവസേനയുടെ സ്ഥാനാർത്ഥി. ബീഹാറിലെ താരാപ്പൂറിൽ ജെഡിയുവും കുശേശ്വറിൽ ആർജെഡിയും ലീഡ് തുടരുന്നുണ്ട്.
തെലങ്കാനയിലെ ഹുസുറാബാദിൽ ബിജെപിയും ബാദ്വലിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥിയും മുന്നേറ്റം തുടരുന്നു. കർണാടകയിലെ സിംഗ്ഡിയിൽ കോൺഗ്രസിനെതിരെ ബിജെപി സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷം നേടി മുന്നിലാണ്. ബംഗാളിലെ നാല് സീറ്റുകളിലും തൃണമൂൽ മുന്നിലാണ്. ഈ സീറ്റുകളിലെല്ലാം ജയം ഉറപ്പാണെന്ന് തൃണമൂൽ ഭാരവാഹികൾ പറഞ്ഞു. ആസാമിലെ അഞ്ച്, പശ്ചിമബംഗാളിലെ നാല്, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലെ മൂന്ന്, ബിഹാർ, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ രണ്ട്, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്‌ട്ര, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ ഒന്ന് വീതം സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

