Friday, May 10, 2024
spot_img

കേരളം പിടിക്കാനൊരുങ്ങി ബിജെപി!! ബൂത്തുതലം മുതൽ പാർട്ടി ശക്തിയാർജിക്കും; മുസ്‌ലിം,ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കും

ദില്ലി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ തിളക്കമേറിയ വിജയം നേടിയതിനു പിന്നാലെ കേരളത്തിലും നേട്ടം ആവർത്തിക്കാനുറച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് 2026 ല്‍ സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന ജാഥ വരെ മാറ്റിവച്ച് താഴെ തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്തി ഉയർത്തിക്കൊണ്ട് വരാനായി ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദേശമാണ് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ക്രിസ്മസ് കാലത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നടത്തിയ സമ്പര്‍ക്ക പരിപാടിയുടെ തുടർച്ചയായി കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കും. മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള കേന്ദ്രപദ്ധതികള്‍ ചൂണ്ടിക്കാട്ടിയാവും പ്രവര്‍ത്തനം.

സംസ്ഥാനത്ത് ഏതാണ്ട് 46 ശതമാനത്തോളം വരുന്ന, നിലവില്‍ എൽഡിഎഫ്, യുഡിഎഫ് മുന്നണികളോട് ചായ്‌വ് പ്രകടിപ്പിക്കുന്ന ക്രിസ്ത്യന്‍, മുസ്‌ലിം ജനവിഭാഗങ്ങളെ സ്വാധീനിക്കാനുളള പരിപാടികളാണ് നേതൃത്വം ആസൂത്രണം ചെയ്യുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ പതിനായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈദ് ദിവസം മുസ്‌ലിം വീടുകളിലും ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും.

Related Articles

Latest Articles