Friday, September 25, 2026

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ രാജസ്ഥാനിൽ ബിജെപിയുടെ ഉന്നതതലയോഗം; ദേശീയ അദ്ധ്യക്ഷനും അമിത്ഷായും പങ്കെടുക്കും; നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം കൊടുക്കും; സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും സാധ്യത

ജയ്‌പൂർ: ഈവർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ബിജെപി യുടെ ഉന്നതതലയോഗം ഇന്ന്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, രാജസ്ഥാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി പി ജോഷി തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് വൈകുന്നേരം 05:00 മണിക്ക് ജയ്‌പ്പൂരിലാണ് യോഗം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് യോഗം രൂപം നൽകും. ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും ചർച്ചകൾ നടക്കും. മദ്ധ്യപ്രദേശിൽ 78 സ്ഥാനാർത്ഥികളെ ഇതിനിടകം പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജസ്ഥാനിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല.സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയ്ക്ക് യോഗം അന്തിമരൂപം നല്കിയേക്കുമെന്നാണ് സൂചന. 2024 ജനുവരി 14 നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുക. 200 അംഗ നിയമസഭയിലേക്ക് ഈവർഷം നവംബറോടെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

2018 ഡിസംബറിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 100 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെയായിരുന്നെങ്കിലും ബി എസ് പിയെ ഒപ്പം ചേർത്ത് കോൺഗ്രസ് മന്ത്രിസഭ രൂപീകരിച്ചു. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായെങ്കിലും യുവനേതാവ് സച്ചിൻ പൈലറ്റുമായുള്ള അധികാര വടംവലി കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. രാജസ്ഥാനിലെ ഇപ്പോഴത്തെ സർക്കാരിന് ജനം നൽകുന്നത് പൂജ്യം മാർക്കാണെന്നും മാറ്റത്തിനായി ജനം കാത്തിരിക്കുകയാണെന്നും തിങ്കളാഴ്ച്ച സംസ്ഥാനം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനസർക്കാർ രാജസ്ഥാനിൽ വികസനത്തിന്റെ 5 വർഷങ്ങൾ പാഴാക്കിയെന്നും ജയ്‌പ്പൂരിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു.

Related Articles

Latest Articles