Tuesday, May 21, 2024
spot_img

വടക്കുകിഴക്കൻ മേഖലയിൽ ചിറകുവിരിച്ച് ബിജെപി മുന്നേറ്റം; മിസോറമിൽ സ്വയം ഭരണ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി

ഗുവാഹട്ടി: മിസോറമിലെ മരാ സ്വയംഭരണ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ 12 സീറ്റുകൾ ഒറ്റയ്‌ക്ക് നേടി ബിജെപി. ഒറ്റ സീറ്റ് വ്യത്യാസത്തിലാണ് കേവല ഭൂരിപക്ഷം നഷ്ടമായത്. മിസോറമിലെ തെക്കൻ ജില്ലയായ സിയാഹ ജില്ലയിലെ നിർണായക സ്വയംഭരണ കൗൺസിലാണിത്. അതേസമയം ബിജെപിയുടെ ഈ ജയത്തെ വടക്കുകിഴക്കൻ മേഖലയിലെ കരുത്തുറ്റ മുന്നേറ്റമെന്നാണ് ദേശീയ നേതാക്കൾ വിശേഷിപ്പിച്ചത്. സബ് കാ സാഥ് സബ് കാ വികാസ് എന്ന മുദ്രാവാക്യം ജനങ്ങൾക്ക് അനുഭവത്തിൽ ബോദ്ധ്യമായതിനാലാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് പറഞ്ഞു.

എന്നാൽ 13 സീറ്റുകളിൽ വിജയിച്ചിട്ടില്ലെങ്കിലും ഭരണകാര്യത്തിൽ മറ്റ് പാർട്ടികളുടെ സഹകരണം ഉറപ്പുവരുത്താൻ ശ്രമിക്കുമെന്നും കേന്ദ്രഭരണത്തിന്റെ കരുത്തിൽ മറ്റെല്ലാം കക്ഷികൾക്കും ഉറച്ച ബോദ്ധ്യമുണ്ടെന്നും ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. അതേസമയം ഈ തിരഞ്ഞെടുപ്പിൽ ബിജെപി 25ൽ 24 സ്ഥലത്തും കോൺഗ്രസ്സ് 23 സ്ഥലത്തും സോറാം പീപ്പിൾസ് മൂവ്മെന്റ് 8 സ്ഥലത്തുമാണ് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത്. ആകെ 85 സ്ഥാനാർത്ഥികളാണ് വിവിധ പാർട്ടികൾക്കായി മത്സരിച്ചത്. 2017 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റുകൾ നേടിയിരുന്നു. അന്ന് മിസോറം നാഷണൽ ഫ്രണ്ടും മാരാ ഡമോക്രാറ്റിക് ഫ്രണ്ടും ഏഴുസീറ്റുകൾ പങ്കിട്ടിരുന്നു.

Related Articles

Latest Articles