Friday, May 3, 2024
spot_img

അഫ്ഗാനിൽ സ്ത്രീകളെയും പെൺകുട്ടികളെും പൊതുസ്ഥലത്തു നിന്ന് താലിബാൻ തുടച്ചു നീക്കുന്നു; ശക്തമായി പ്രതിഷേധിക്കണമെന്ന് മലാല യൂസഫ്സായി

 

കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ താലിബാന്റെ നടപടിയിൽ നടുക്കം രേഖപ്പെടുത്തി നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി. പൊതുസ്ഥലത്തു നിന്ന് സ്ത്രീകളെയും പെൺകുട്ടികളെും നീക്കം ചെയ്യുന്നതിനായാണ് താലിബാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മലാല പറഞ്ഞു. സ്ത്രീകളും പെൺകുട്ടികളും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്നാണ് താലിബാന്റെ ഉത്തരവ്.

‘’അഫ്ഗാനിസ്ഥാന്റെ പൊതുയിടത്തിൽ നിന്ന് സ്ത്രീകളെയും പെൺകുട്ടികളെയും തുടച്ചു നീക്കാനാണ് താലിബാൻ ശ്രമിക്കുന്നത്. സ്കൂളിൽ നിന്നും പെൺകുട്ടികളെയും തൊഴിലിടത്തിൽ നിന്ന് സ്ത്രീകളെയും മാറ്റി നിർത്താനാണ് താലിബാൻ ശ്രമിക്കുന്നത്. കുടുംബത്തിലെ പുരുഷന്മാരില്ലാതെ യാത്ര ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി. ശരീരവും മുഖവും പൂർണമായി മറയ്ക്കാൻ നിർബന്ധിതരായി.”- മലാല പറയുന്നു.

അതേസമയം താലിബാന്റെ മനുഷ്യത്വ വിരുദ്ധമായ നടപടിക്കെതിരെ ലോക നേതാക്കൾ ഇടപെടണമെന്നും മലാല ആവശ്യപ്പെട്ടു. ‘അഫ്ഗാനിസ്ഥാനിൽ താലിബാൻ നിരന്തരമായി സ്ത്രീകൾക്കു നീതി നിഷേധിക്കുന്നതിനെ കണ്ടില്ലെന്നു നടിക്കാൻ നമുക്കാകില്ല. അവർ നൽകിയ ഉറപ്പെല്ലാം ലംഘിക്കുകയാണ്. തങ്ങളുടെ ഏറ്റവും കുറഞ്ഞ മനുഷ്യാവകാശ സംരക്ഷണത്തിനായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. എല്ലാവരും പ്രത്യേകിച്ച് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള എല്ലാവരും ആ സ്ത്രീകൾക്ക് ഒപ്പം നിൽക്കണം.’- മലാല ആവശ്യപ്പെട്ടു.

Related Articles

Latest Articles