Tuesday, December 30, 2025

ആശാവർക്കർമാരുടെ സമരത്തിൽ ഇടപെട്ട് ബി എം എസ്; ഗവർണറെ കണ്ട് നിവേദനം നൽകി സംഘടനാ പ്രതിനിധികൾ; സ്‌കീം വർക്കർമാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടൽ അഭ്യർത്ഥിച്ച് ബി എം എസ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. ആവശ്യങ്ങൾ അടങ്ങുന്ന നിവേദനവും സംഘടന ഗവർണർക്ക് കൈമാറി. സ്‌കീം വർക്കർ വിഭാഗത്തിൽപ്പെടുന്ന ആശ, അംഗണവാടി, മിഡ് ഡേ മീൽസ് വർക്കർമാരെ തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം അംഗീകരിച്ച് സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കണം എന്നതാണ് നിവേദനത്തിലെ മുഖ്യ ആവശ്യം.

ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് അടക്കം നിവേദനം നല്‍കുകയും വിശദമായ ചര്‍ച്ച നടത്തിയിട്ടുള്ളതുമാണ്. ഫെബ്രുവരി 9, 10, 11 തീയതികളില്‍ നടന്ന ബിഎംഎസ് അഖിലേന്ത്യാ ഭാരവാഹി യോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയവും പാസാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ബിഎംഎസ് നേതൃത്വം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചത്.

ബിഎംഎസ് ദേശീയ നിര്‍വാഹകസമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയന്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു. അതേസമയം വേതന വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശമാർ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സമരം തുടരുകയാണ്.

Related Articles

Latest Articles