Tuesday, May 21, 2024
spot_img

കൊച്ചിയിൽ സ്വവർഗ പങ്കാളിക്കൊപ്പം താമസിക്കവെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു; ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കാൻ പങ്കാളിക്ക് അനുമതി

കൊച്ചിയിൽ സ്വവർഗ പങ്കാളിക്കൊപ്പം താമസിക്കവെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് കുടുംബം ഏറ്റെടുത്തത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പൊലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. ഇന്നുതന്നെ മൃതദേഹം കൈമാറാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തടസങ്ങൾ ഉണ്ടാകരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. മൃതദേഹത്തിന് കളമശേരി മെഡിക്കൽ കോളജിൽവച്ച് അന്തിമോപചാരം അർപ്പിക്കാൻ മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കോടതി അനുമതി നൽകി.

മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും, മനുവിന്റെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിർദേശം. മെഡിക്കൽ ബില്ലായി ഒരു ലക്ഷം രൂപ അടയ്ക്കാനും ഹർജിക്കാരന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ മൃതദേഹം വിട്ടുകൊടുക്കുന്നതിനുള്ള ഉപാധിയായിരിക്കരുത് അതെന്നും, വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിക്കുകയാണെങ്കിൽ ഹർജിക്കാരന് ആവശ്യമായ സംരക്ഷണം പോലീസ് ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മൂന്നിനു പുലർച്ചെയാണ് ഫോൺ ചെയ്യാനായി ടെറസിലേക്കു പോയ മനു കാൽ വഴുതി താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി. മനുവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ ചെലവായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാമെന്നും ഈ പണം കൈപ്പറ്റി മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജെബിൻ ഹൈക്കോടതിയെ സമീപിച്ചതോടെ സംഭവം വാർത്തകളിൽ നിറഞ്ഞു .

പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി ജെബിൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വാർത്തകളിൽ ഇടംപിടിച്ചത്. മനുവിന്റെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും മനുവിന്റെ മാതാപിതാക്കൾ പണമടച്ച് മൃതദേഹം ഏറ്റുവാങ്ങാൻ തയാറല്ലെന്ന് അറിയിച്ചതിനാൽ തനിക്ക് മൃതദേഹം വിട്ടുനൽകണമെന്നുമായിരുന്നു ജെബിൻ ഹർജിയിൽ ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്വകാര്യ ആശുപത്രിയുടെ നിലപാട് കോടതി തേടിയിരുന്നു. തങ്ങൾ ഒരിക്കലും ഇത്ര പണം വേണമെന്ന് നിർബന്ധം പിടിച്ചിട്ടില്ലെന്നും പൊതുതാൽപര്യാർഥം 1.3 ലക്ഷം രൂപയോളം വേണ്ടെന്നു വയ്ക്കാൻ തയാറാണെന്നും സ്വകാര്യ ആശുപത്രി അധികൃതർ കോടതിയിൽ വ്യക്തമാക്കി. മരിച്ചയാളുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കുകയും തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ സമ്മതം അറിയിച്ചതായി സർക്കാർ കോടതിയിൽ അറിയിക്കുകയുമായിരുന്നു.

Related Articles

Latest Articles