Monday, June 3, 2024
spot_img

കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ട് പോകൽ ! എഴുപത്തിരണ്ടാം നാൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച് ; പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ !

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി എഴുപത്തിരണ്ടാം നാൾ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് കൊട്ടാരക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ,ഭാര്യ എം.ആർ.അനിതാകുമാരി, മകൾ പി.അനുപമ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ 2021 മുതൽ തുടങ്ങിയ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് കണ്ടെത്തൽ. മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. ബാലനീതി നിയമവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ആദ്യശ്രമം വിജയിച്ചിരുന്നെങ്കിൽ മറ്റ് കുട്ടികളേയും തട്ടി കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്‌സാക്ഷി. കൂടാതെ 160 സാക്ഷികളുണ്ട്. 150 തൊണ്ടി മുതലുകൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.

മോചനദ്രവ്യം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് അനിത കുമാരിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം.ജോസിന്‍റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ സംഘമാണ് അന്വേഷിച്ചത്.

Related Articles

Latest Articles