Sunday, May 19, 2024
spot_img

മോൻസന്റെ വീട്ടിൽ തിമിംഗലത്തിന്റെ അസ്ഥികളും; ക്രൈം ബ്രാഞ്ചിന് പിന്നാലെ തട്ടിപ്പുവീരന് കുരുക്കുമുറുക്കി വനംവകുപ്പും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിലായ മോൻസന്റെ (Monson Mavunkal) വീട്ടിൽ നിന്നും തിമിംഗലത്തിന്റെ അസ്ഥികൾ കണ്ടെത്തി. ഇന്ന് ഉച്ചയോടെ വാഴക്കാലയിലെ മോൻസന്റെ വസതിയിൽ വനംവകുപ്പ് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന രണ്ട് വലിയ അസ്ഥികളാണ് കണ്ടെടുത്തത്. വലിയ കാലപ്പഴക്കമുള്ള അസ്ഥികളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തിമിംഗലത്തിന്റേത് തന്നെയാണൊ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് വനംവകുപ്പ് അറിയിച്ചു.

എന്നാൽ കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്. അതേസമയം, മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ഒളിക്യാമറാ വിവാദം അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസന്റെ സാമ്പത്തിക ഇടപാടുകൾ, ഉന്നത ബന്ധങ്ങൾ എന്നിവയിൽ ഇയാളുടെ മുൻ മാനേജർ ജിഷ്ണുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പോക്‌സോ കേസിലെ പരാതിക്കാരിയാണ് മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയത്. ഒളിക്യാമറകൾ മോൻസൻ മൊബൈൽ വഴിയാണ് നിയന്ത്രിച്ചിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

മോൻസൻ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പുമുറിയിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നുമാണ് ഒളിക്യാമറകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത്. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകളാണ് ഇവയെന്നാണ് കണ്ടെത്തൽ. എട്ടോളം ഒളിക്യാമറകളാണ് ഇത്തരത്തിൽ തിരുമ്മൽ കേന്ദ്രത്തിൽ നിന്നും മാത്രം കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത ക്യാമറകളാണിവ. ഒട്ടേറെ ഉന്നതർ മോൻസന്റെ അതിഥികളായി ഇവിടെ എത്തി താമസിച്ചിട്ടുണ്ടെന്നിരിക്കെ ഇവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായാണോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതെന്നതു സംബന്ധിച്ചു വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Related Articles

Latest Articles