Thursday, January 8, 2026

വെളിപ്പെടുത്തലുമായി സുനന്ദയുടെ സഹപാഠിയുടെ പുതിയ പുസ്തകം; ‘സുനന്ദ പുഷ്‌ക്കര്‍ ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ തയാറെടുത്തു; ദുരൂഹ മരണം ഈ തീരുമാനത്തിന് ശേഷം’.

ദില്ലി : ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌കര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹപാഠിയുടെ പുതിയ പുസ്തകം. ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ സുനന്ദ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് മുംബൈയിലെ ഹോട്ടലില്‍ വെച്ച് സുനന്ദ കൊല്ലപ്പെടുന്നതെന്നും സുനന്ദയുടെ സഹപാഠി കൂടിയായ സുനന്ദ മെഹ്ത എഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്‍റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകത്തില്‍ പറയുന്നു.

സുനന്ദ എപ്പോഴും രാഷ്ട്രീയ സ്വപ്നങ്ങളെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്ന് തരൂരിന്‍റെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയുടെ പരാമര്‍ശം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ”ശശി തരൂര്‍ അടുത്ത ഇലക്ഷന് ജയിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ പോവുകയാണ്” എന്ന് സുനന്ദ ശശി തരൂരിന്‍റെ ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നതായും സുനന്ദ മെഹ്ത എഴുതിയ പുസ്തകത്തില്‍ പറയുന്നുണ്ടെന്ന് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പ്രസിദ്ധ ജേര്‍ണലിസ്റ്റായ തരുണ്‍ തേജ് പാലും സുനന്ദ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.’ദി എക്സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകത്തില്‍ സുനന്ദ പുഷ്‌കറിന്‍റെ ജനനം മുതല്‍ 2014ല്‍ മരണം വരെയുള്ള ജീവിതത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

സുനന്ദ പുഷ്‌കറിന്‍റെ കുട്ടിക്കാലം മുതല്‍ നാടിനെ നടുക്കിയ ദുരൂഹ കൊലപാതകം വരെയുളള കാര്യങ്ങള്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കന്‍റോണ്‍മെന്റ് ടൗണിലായിരുന്നു സുനന്ദയുടെ കുട്ടിക്കാലം. തുടര്‍ന്ന് നടന്ന ആദ്യ രണ്ട് വിവാഹങ്ങളും, ആര്‍ക്കും അറിയാതെ അജ്ഞാതമായി കിടക്കുന്ന കാനഡയിലെ ജീവിതകാലഘട്ടവും സുനന്ദ മെഹ്തയുടെ ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ബിസിനസ്സ് വനിത എന്ന നിലയിലേക്ക് സുനന്ദ പുഷ്കര്‍ വളര്‍ന്ന ദുബായിലെ ജീവിതവും ശശി തരൂരിന്‍റെ ഭാര്യയായിട്ടുളള അവസാന കാലഘട്ടവും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് സുനന്ദ മെഹ്ത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രേഖകള്‍, അഭിമുഖങ്ങള്‍ വിവിധ തലങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതകഥയിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ സ്കൂള്‍ സഹപാഠി കൂടിയായ സുനന്ദ മെഹ്ത ശേഖരിച്ചത്. ദുരൂഹ മരണത്തേക്കാള്‍ ഉപരി സുനന്ദയുടെ ജീവിതമാണ് പുസ്തകത്തില്‍ കൂടുതലായി പറയുന്നത്. അംബാലയില്‍ ഒരേ സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് സുനന്ദ പുഷ്കറും സുനന്ദ മെഹ്തയും ഉറ്റ സുഹൃത്തുക്കളായത്.

Related Articles

Latest Articles