Sunday, June 2, 2024
spot_img

ഇനി വിദേശത്ത് പോകുന്നവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും;പുതിയ തീരുമാനവുമായി കേന്ദ്രം

ദില്ലി: അന്താരാഷ്‌ട്ര യാത്രക്കാർക്ക് രാജ്യത്ത് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും. വിദ്യാഭ്യാസം, തൊഴിൽ, കായികം എന്നീ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവർക്കും വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യ വിടുന്നവർക്കും കരുതൽ ഡോസ് അഥവാ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ സ്വകാര്യ വാക്സിനേഷൻ സെന്ററുകളിൽ കുത്തിവെയ്പ്പ് നടത്താൻ സൗകര്യം ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

അതേസമയം വരുന്ന ഞായറാഴ്ച മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര വിമാനങ്ങൾ പുനരാരംഭിക്കാൻ തുടങ്ങുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയം ചില നിരീക്ഷണങ്ങൾ സൂചിപ്പിച്ചിരുന്നു. പല രാജ്യങ്ങളും ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. കൂടാതെ പലയിടത്തും ബൂസ്റ്റർ ഡോസ് നിർബന്ധവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് അന്താരാഷ്‌ട്ര യാത്രക്കാർക്ക് കരുതൽ ഡോസ് നൽകുന്നത് സംബന്ധിച്ച് ചർച്ചയായത്. കൂടാതെ ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിർദേശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്നാൽ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാകുമ്പോഴാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. ആരോഗ്യപ്രവർത്തകർ, മുൻനിര കോവിഡ് പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നീ വിഭാഗത്തലുള്ളവർക്കാണ് നിലവിൽ ബൂസ്റ്റർ ഡോസ് വിതരണം നടത്തുന്നത്.

Related Articles

Latest Articles