12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഭാരത് ബയോ ടെക്കിന്റെ വാക്‌സിന് DGCI നൽകിയ ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചു. ജനുവരി 10 മുതൽ ആരോഗൃ പ്രവർത്തകർക്കും 60 വയസ്സിനുമേൽ മറ്റസുഖങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രഖ്യാപനമുണ്ടായി. ഒമൈക്രോൺ അടക്കം കൂടുതൽ കോവിഡ് വകഭേദങ്ങൾ മുഴുവൻ വാക്‌സിൻ ഡോസുകളുമെടുത്തവരെയും ബാധിക്കുന്ന പശ്ചാത്തലത്തിലാണ് വിവിധ രാഷ്ട്രങ്ങൾ ബൂസ്റ്റർ ഡോസുകൾ നൽകി വരുന്നത്. അമേരിക്ക ഓസ്‌ട്രേലിയ ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസുകൾ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി മാറുകയാണ് ഇന്ത്യ.
രാജ്യത്ത് 61% ആളുകളും രണ്ടു ഡോസ് വാക്‌സിനുകളും പൂർത്തിയാക്കിയതായും കോവിഡിനെതിരെ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാൻ മികച്ച സംവിധാനങ്ങൾ രാജ്യത്തിനുണ്ട്. ഇന്ന് നമുക്ക് 18 ലക്ഷം ഐസൊലേഷൻ ബെഡ്ഡുകളും 5 ലക്ഷം ഓക്സിജൻ കിടക്കകളും 1.4 ലക്ഷം ICU കിടക്കകളും കുട്ടികൾക്കായി 90000 പ്രത്യേക കിടക്കകളുമുണ്ട്. 3000 തിലധികം പി എഫ് എ ഓക്സിജൻ പ്ലാന്റുകൾ പുതുതായി പ്രവർത്തന സജ്ജമായിട്ടുണ്ട്. ഇത് കൂടാതെ നാല് ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകിയിട്ടുണ്ട്. അദ്ദേഹം രാജ്യത്തോടായി ചെയ്ത അഭിസംബോധനയിൽ വ്യക്തമാക്കി.

