Sunday, May 19, 2024
spot_img

സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല; സർക്കാരിന് തോൽവി; കുപ്പിവെള്ളത്തെ തൽക്കാലം നിയന്ത്രിക്കാനാവില്ല

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഡിസംബർ 15നാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. 2020 മാർച്ചിലാണ് സംസ്ഥാനത്ത് കുപ്പി വെള്ളത്തിനു പരമാവധി വില ലിറ്ററിനു 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത് 2020 മാർച്ചിലാണ്. അതിൽ കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ എടുക്കാനായിരുന്നു തീരുമാനം. കുപ്പിവെള്ള കമ്പനികൾ പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ മുദ്രണം ചെയ്യേണ്ടതാണെന്നും സർക്കാർ ഉത്തരവിട്ടിരുന്നു. അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 2019 ജൂലൈ 19ന് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു വില നിയന്ത്രണം. കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍റേതുൾപ്പെടെയുള്ള ഹർജികളിലാണു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ സർക്കാർ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവിറക്കിയത്.

ഭക്ഷ്യസാമഗ്രികൾ കേന്ദ്ര അവശ്യസാധന നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്നും വില തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം ഇതാണ് കോടതി അംഗീകരിച്ചത്. കുടിവെള്ളം അല്ല, വെള്ളം കുപ്പിയിലാക്കിയ ഉൽപന്നത്തിന്റെ വിലയാണു നിയന്ത്രിക്കുന്നതെന്ന് സർക്കാർ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

Related Articles

Latest Articles