Thursday, May 16, 2024
spot_img

പുകച്ചുരുളുകൾ വിഴുങ്ങിയ കൊച്ചിയുടെ അവസ്ഥ മറന്ന് മാലിന്യ നിർമ്മാർജ്ജന കമ്പനിയുടെ വക്താക്കളെപ്പോലെ ബ്രഹ്മപുരത്തെ നിയമസഭയിൽ ന്യായീകരിച്ച് മന്ത്രിമാർ; ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് എന്തെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വാക്ഔട്ട്

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ കമ്പനിയുടെ വക്താക്കളെപ്പോലെ മന്ത്രിമാർ നിയമസഭയിൽ വ്യായീകരിച്ചുവെന്ന് പ്രതിപക്ഷം. മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്ന സംഭവം ലോകത്താദ്യമല്ലെന്നും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. അവിടെയൊന്നും കാണാത്ത രീതിയിൽ സർക്കാർ ബ്രഹ്മപുരത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് മന്ത്രിമാർ നിയമസഭയിൽ പറഞ്ഞത്. തീയണച്ചു കഴിഞ്ഞതായും കൊച്ചിയിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും മാദ്ധ്യമങ്ങൾ ആശങ്ക പരത്തുകയാണെന്നുമാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും ആരോഗ്യമന്ത്രി വീണാജോർജും നിയമസഭയിൽ പറഞ്ഞത്.

എന്നാൽ തീ ഇപ്പോഴും കത്തുന്ന ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും തീയണക്കാൻ കഴിയാത്തത് വകുപ്പ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. പത്താം ദിവസം മാത്രമാണ് ആരോഗ്യമന്ത്രി കൊച്ചിക്കാരേ മാസ്ക്ക് വയ്ക്കാൻ ഉപദേശിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രിമാർ നൽകിയത് ജനങ്ങളെ പ്രകോപിപ്പിക്കുന്ന മറുപടിയെന്നും, കരാർ കമ്പനിയുടെ വക്താക്കളെപ്പോലെയാണ് അവർ പെരുമാറുന്നതെന്നും, 22 കോടി കൈപ്പറ്റിയ ശേഷം 10% പോലും മാലിന്യം നീക്കാൻ തയ്യാറാകാത്ത കരാറുകാരെ സർക്കാർ ന്യായീകരിക്കുന്നയാണെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Related Articles

Latest Articles