Thursday, December 18, 2025

വന്‍കുടലിലെ ട്യൂമറിന് ചികിത്സ; ബ്രസീൽ ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലെ ട്യൂമറിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് താരമുള്ളത്. നിലവിൽ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അറിയിച്ചു.

അതേസമയം വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്യാന്‍ അദ്ദേഹത്തെ സെപ്തംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഒരു മാസത്തോളം പെലെ ആശുപത്രിയില്‍ കഴിഞ്ഞു. സെപ്തംബര്‍ 30നാണ് ആശുപത്രി വിട്ടത്. കീമോതെറാപ്പി ചെയ്യേണ്ടി വരും എന്ന് നേരത്തെ തന്നെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിനായാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് സൂചന.

രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം വീട്ടിലേക്ക് തിരികെ എത്തുമെന്നും ക്രിസ്മസ് ആഘോഷിക്കുമെന്നും പെലെയുടെ മകള്‍ പറഞ്ഞു. എന്നാല്‍ പെലെയുടെ രോഗം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles