തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവത്തിൽ പ്രതിരോധ വകുപ്പിന്റെ നടപടിക്രമങ്ങൾ തുടരുന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് യുദ്ധവിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ധനം കുറവായതിനാലും ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടതിനാലുമാണ് അടിയന്തര ലാൻഡിംഗ് വേണ്ടിവന്നതെന്നാണ് വിശദീകരണം. ഇന്ത്യൻ നേവിയുടെയും പ്രതിരോധ വകുപ്പിന്റെയും അനുമതികൾക്ക് ശേഷമാകും വിമാനത്തിന് ഇന്ധനം നൽകുക. അതിനുശേഷം വിമാനം വിട്ടുനൽകും.
കേരള തീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്രിട്ടന്റെ വിമാനവാഹിനി കപ്പലായ പ്രിൻസ് വെയിലിൽ നിന്നാണ് യുദ്ധവിമാനം പരീക്ഷണ പറക്കലിനായി പറന്നുയർന്നത്. കടലിലെ പ്രതികൂല കാലാവസ്ഥ കാരണം കപ്പലിലേക്ക് വിമാനത്തിന് തിരികെയിറങ്ങാൻ സാധിച്ചില്ല. ദീർഘനേരം ആകാശത്ത് വട്ടമിട്ട് പറക്കാനുള്ള ഇന്ധനം വിമാനത്തിൽ ഇല്ലായിരുന്നത് കൊണ്ടുതന്നെ അടുത്തുള്ള വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടുകയായിരുന്നു. ഇന്ത്യൻ നേവിയാണ് അനുമതി നൽകിയത്.
ഇന്ത്യയും ബ്രിട്ടനും തമ്മിൽ നല്ല നയതന്ത്ര ബന്ധമുള്ളതിനാൽ വിമാനത്തിന് ആവശ്യമായ ക്രിയറൻസ് നൽകി രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് എയർ ബേയിൽ വിമാനമിറക്കിയത്.
തിരുവനന്തപുരത്ത് ഇറക്കിയത് ബ്രിട്ടന്റെ അത്യാധുനിക യുദ്ധവിമാനമായ എഫ് 35 ആണെന്നാണ് സൂചന. അമേരിക്കൻ നിർമ്മിത അഞ്ചാം തലമുറ യുദ്ധ വിമാനമാണിത്. റഡാറുകളിൽ ഈ വിമാനത്തിന്റെ സാന്നിധ്യം കണ്ടെത്താനാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. നിൽക്കുന്ന സ്ഥലത്തു നിന്ന് പറന്നുയരാൻ കഴിയുന്ന ഈ വിമാനത്തിന് റൺവേ പോലും ആവശ്യമില്ല. അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ തുടങ്ങി മൂന്നു രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ഈ യുദ്ധവിമാനമുള്ളത്.

