ദില്ലി: കാൻസർ സ്ഥിരീകരിച്ച ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യവാനായി വേഗം തിരിച്ചെത്തട്ടെയെന്നും അദ്ദേഹം സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബ്രിട്ടീഷ് രാജാവിന് അർബുദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത്. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാനായി രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വാർത്താക്കുറിപ്പിൽ വിശദീകരിച്ചിരുന്നു.
https://x.com/narendramodi/status/1754730459429278192?s=20
ഏതാനും നാളുകൾക്ക് മുമ്പ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ മൂലം ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് അദ്ദേഹത്തിന് കാൻസർ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ചികിത്സ തുടങ്ങുന്നതോടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് അദ്ദേഹം താത്കാലികമായി വിട്ടുനിൽക്കും.

