ദില്ലി: അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ മാദ്ധ്യമങ്ങൾക്ക് മാർഗ നിര്‍ദേശം പുറപ്പെടുവിച്ച് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. കോടതി നടപടികളിൽ ഊഹാപോഹങ്ങൾ കലർത്തി വാർത്തകൾ നല്‍കരുത്, വസ്തുതകൾ വ്യക്തമായി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വാർത്തകൾ നൽകാവൂ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് നല്കിയത്. രാജ്യത്ത് സമാധാനവും ,ശാന്തിയും ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത് .
ഇതുകൂടാതെ തർക്ക മന്ദിരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പ്രകോപനകരമായ പ്രസ്താവനകളുമായി ടി വി ചാനലുകൾ ചർച്ചകൾ നടത്തരുത്. ആഘോഷങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കാനും നിർദേശമുണ്ട് .
ഇന്ന്‍ വൈകിട്ടാണ് അയോധ്യ കേസിന്‍റെ വാദം സുപ്രീം കോടതിയില്‍ അവസാനിച്ചത്. ഓഗസ്റ്റ് ആറ് മുതൽ സുപ്രീം കോടതി തുടർച്ചയായി അയോധ്യകേസിൽ വാദം കേൾക്കുകയാണ്. ഒക്റ്റോബർ18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

