ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം ഈ വര്‍ഷം തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്‌പെക്ട്രം ലേലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണവരുള്ളത്. സേവനം ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും അവര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ ഈ വര്‍ഷം തന്നെ ലേലം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇനിയും 4ജി വിന്യാസം പൂര്‍ത്തിയായിട്ടില്ലെങ്കിലും വരുംവര്‍ഷം തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള BSNLലും 5ജിയ്ക്ക് തുടക്കമിടുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ വര്‍ഷം 4ജി വിന്യാസം പൂര്‍ത്തിയാക്കുന്നതിനാണ് BSNL ഊന്നല്‍ നല്‍കുക.

അതേസമയം തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് BSNL ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 5ജിയ്ക്ക് വേണ്ടിയും ഇന്ത്യന്‍ നിര്‍മിത സാങ്കേതിക വിദ്യകള്‍ തന്നെയാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക. എന്നാല്‍ ഇതുവരെയും ബിഎസ്എന്‍എലിന് 5ജി സ്‌പെക്ട്രം സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് 5ജി എത്തിക്കുന്നതിന് 5ജി NSI (നോണ്‍ സ്റ്റാന്റ് എലോണ്‍) സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍ എല്‍ ഉപയോഗിക്കുക. നിലവിലുള്ള 4ജി നെറ്റ് വര്‍ക്ക് തന്നെ പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുക. കേരളം മഹാരാഷ്ട്ര, പുനെ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം തന്നെ ബിഎസ്എന്‍എല്‍ 4ജി ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.