മുംബൈ : കനത്ത മഴയെത്തുടർന്ന് മാൻഖുർദിൽ മൂന്ന് നില കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി എട്ടരയോടെ മാൻഖുർദിലെ ജനതാ നഗറിലുള്ള ഒരു വാടക കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും മുംബൈ പോലീസും ചേർന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഇനിയും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ നഗരത്തിൽ തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. വിമാന സർവീസുകളെയും മോശം കാലാവസ്ഥ സാരമായി ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

