Wednesday, May 15, 2024
spot_img

ബസിലെ ലൈംഗിക അതിക്രമം; കണ്ടക്ടർക്കെതിരെ കേസ്, വകുപ്പ് തല നടപടി ഉറപ്പെന്ന് മന്ത്രി

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ വച്ച് അദ്ധ്യാപികയ്ക്കുണ്ടായ ലൈംഗികാതിക്രമം തടയുകയോ വേണ്ട നടപടിയെടുക്കുകയോ ചെയ്യാതിരിന്നതിന് ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ക്യത്യവിലോപം ഉണ്ടായെന്ന് വ്യക്തമായതായും ഇന്ന് തന്നെ നടപടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടക്ടർക്ക് വീഴ്ച്ചപറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സിലാണ് അദ്ധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ചായിരുന്നു സംഭവം നടന്നത്. ബസ് കണ്ടക്ടർ ജാഫറിനോട് അദ്ധ്യാപിക ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ്സെടുത്തു. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തത്.

ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസ്സിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്. ബസ്സിലെ യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പോലീസ് തുടങ്ങി.

Related Articles

Latest Articles