പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നിയമ ഭേദഗതിയില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചു. നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയുടെ മുമ്പാകെ മാത്രം അറുപതോളം ഹര്‍ജികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രിം കോടതിയിലെ ഹര്‍ജികള്‍ ജനുവരി മൂന്നാം ആഴ്ചയാണ് പരിഗണിക്കുക. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചിരുന്നു.

