ദില്ലി: സി.എ.ജിയുടെ (CAG) പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസംവിധാനത്തിൽ സി.എ.ജി അഭിവാജ്യ ഘടകമാണെന്നും രാജ്യത്തിന്‍റെ വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ‘ഓഡിറ്റ് ദിവസ് ‘സംബന്ധിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
കണക്കു പരിശോധനകളെ ഭയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ഭയാശങ്കകൾ കാരണം സിഐജിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പതിവായി മാറിയിരുന്നു. എന്നാൽ ഇന്ന് ആ ചിന്താഗതികളൊക്കെ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്ത് നിന്ന് സിഐജി സര്‍ക്കാരിന്റെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അതിന്റേതായ നേട്ടമുണ്ട്. അവര്‍ പറയുന്നതിനനുസരിച്ച് ചില വ്യവസ്ഥാപിതമായ മെച്ചപ്പെടുത്തലുകള്‍ നടത്തുകയാണ് തങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പുതിയ പദ്ധതികൾ നടത്തിപ്പിലാക്കുമ്പോൾ സർക്കാറുകളുടെ നടപടിക്രമങ്ങളുടെ നൂലാമാലകൾ ഇല്ലാതാകണം. ജനങ്ങളിലേക്ക് വേഗത്തിൽ പദ്ധതികൾ എത്തണം. വളരെ വേഗത്തിൽ ഫയലുകൾ നീങ്ങാൻ പേപ്പർ രഹിത സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ സി.എ.ജി യുടെ നിർദ്ദേശങ്ങൾ ഗുണകരമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

