Sunday, May 19, 2024
spot_img

സി എ ജി റിപ്പോർട്ട് അവഗണിച്ചതിന് വീണ്ടും പണികിട്ടി ! അപകടസാധ്യത മുന്നിൽക്കണ്ട് നൽകിയ ശുപാർശകൾ സർക്കാർ അവഗണിച്ചു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയിൽ കേരളം ഏറെ പിന്നിലാണെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ ജനങ്ങളിലേക്ക് വ്യാപകമായി എത്തുകയാണെന്നും ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും കേരളത്തിന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ. 2016 മുതൽ 2021 വരെയുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ പ്രവർത്തനം വിലയിരുത്തി സി എ ജി യുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് അപകടം സംബന്ധിച്ച വ്യക്തമായ മുന്നറിയിപ്പുകളുള്ളത്. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കല്‍, ലൈസന്‍സും രജിസ്ട്രേഷനും നല്‍കല്‍, പരിശോധന, സാംപിള്‍ ശേഖരണം, ഭക്ഷ്യവിശകലനം, നിരീക്ഷണം ഇതൊക്കെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ദൗത്യങ്ങൾ. എന്നാൽ വിവിധ ഘട്ടങ്ങളിൽ ഈ പ്രവർത്തനങ്ങളിൽ വലിയ അപാകതകൾ ഉണ്ടാകുന്നു എന്നും ജനങ്ങൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണ് എന്നുറപ്പുവരുത്താൻ കേരളത്തിന് കഴിയുന്നില്ലെന്നുമാണ് സി എ ജി വിലയിരുത്തിയത്.

പരിശോധന നടത്തേണ്ട ഓഫീസര്‍മാര്‍ ലൈസന്‍സുള്ള ഭക്ഷ്യസ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനുള്ള കാലയളവ് നിര്‍ദേശിക്കാത്തത് വലിയ വീഴ്ചയാണ്. രജിസ്ട്രേഷനുള്ള കാറ്ററിങ് സ്ഥാപനങ്ങള്‍പോലുള്ളവ വര്‍ഷംതോറും പരിശോധിക്കണമെന്ന വ്യവസ്ഥ വകുപ്പ് പാലിച്ചിട്ടുമില്ല. സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റിവിജ്ഞാപനം ചെയ്ത ലബോറട്ടറികളില്‍ എല്ലാ ഘടകങ്ങളുടെയും പരിശോധനയ്ക്ക് ഗുണനിലവാരമാനദണ്ഡമായ എന്‍.എ.ബി.എല്‍. അംഗീകാരം നേടാനാവാത്തത് പ്രധാന പോരായ്മയാണ്. അതുകൊണ്ട് പ്രശ്‌ന പരിഹാരമായി നാല് നിർദ്ദേശങ്ങളും സി എ ജി നൽകിയിരുന്നു.

എല്ലാ ഭക്ഷ്യോത്പാദന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക, അപേക്ഷകളില്‍ കാലതാമസം വരുത്താതിരിക്കുക; കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് മുന്‍കൂര്‍വിവരം ലഭിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക; പരമാവധി ഭക്ഷ്യസാംപിളുകള്‍ പരിശോധിക്കുന്നതിനും ഭക്ഷ്യയോഗ്യമല്ലാത്തവ വിപണിയില്‍നിന്ന് നീക്കുന്നതിനും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക; വകുപ്പിന് കീഴിലുള്ള ലബോറട്ടറികള്‍ക്ക് എന്‍.എ.ബി.എല്‍. അംഗീകാരം ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മാസങ്ങൾക്ക് മുന്നേ സി എ ജി നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശം അവഗണിച്ച് മുന്നോട്ട് പോയത് സംസ്ഥാനത്തിന് തിരിച്ചടിയായി. ഭക്ഷ്യ വിഷബാധയേറ്റ് നൂറുകണക്കിന് ആളുകൾ ആശുപത്രിയിലാകുകയും വിലപ്പെട്ട ജീവനുകൾ നഷ്ടമാകുകയും ചെയ്യുന്നു.

ശബരിമല പ്രസാദവിതരണത്തിലെ അപാകതകളെ കുറിച്ചും സി എ ജി റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. വഴിപാടുസാധനങ്ങള്‍, അസംസ്‌കൃതവസ്തുക്കള്‍ എന്നിവ ആവശ്യമായ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് തൃപ്തികരം എന്നു രേഖപ്പെടുത്തുന്നത് എന്ന ഗൗരവകരമായ കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. അതും സംസ്ഥാന സർക്കാർ അവഗണിച്ചു. ഈ തീർത്ഥാടന കാലത്ത് അരവണയിൽ ഉപയോഗിച്ച ഏലക്കയിൽ അപകടകരമായ കീടനാശിനി സാന്നിധ്യം കണ്ടെത്തുകയും. 7 ലക്ഷം ടിൻ അരവണ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ട് കാട്ടിലെറിയുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാത്തതുകൊണ്ട് മുന്നറിയിപ്പുകൾ അവഗണിച്ച് സർക്കാർ അറിഞ്ഞുകൊണ്ട് ക്ഷണിച്ചുവരുത്തിയ അപകടമാണ് ഭക്ഷ്യവിഷബാധയെന്ന് വ്യക്തമാകുകയാണ്.

Related Articles

Latest Articles