Tuesday, May 14, 2024
spot_img

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ കണ്ട കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു; കണ്ണൂർ സ്വദേശിക്ക് നഷ്ടപ്പെട്ടത് 2.44 ലക്ഷം രൂപ

കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ കണ്ട ‘കസ്റ്റമർ കെയർ നമ്പറി’ൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. കസ്റ്റമർ കെയറിൽ നിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടമായത്.

അതേസമയം, ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങൾ ചോദിച്ചാൽ നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടതായും സൈബർ പോലീസിൽ പരാതി ലഭിച്ചു. ക്രെഡിറ്റ് കാർഡ് പുതുക്കാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നു. അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തതിന്റെ അടുത്ത ദിവസം പണം നഷ്ടപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരസ്യംകണ്ട് ഡ്രസ് ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. നാളിതുവരെയായിട്ടും ലഭിക്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles