വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. എസ്‌ഡിഎസ് (സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം) അടിയന്തരമായി അവസാനിപ്പിക്കുന്നതായി കാനഡ അറിയിച്ചു. വിദ്യാർത്ഥികൾക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന പദ്ധതിയായിരുന്നു എസ്‌ഡിഎസ്. ഇതോടെ പഠനത്തിനായി കാനഡയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇനി ദൈര്‍ഘ്യമേറിയ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഇന്ത്യ – കാനഡ നയതന്ത്രപ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് കാനഡയുടെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.
2018-ലാണ് കാനഡ എസ്‌ഡിഎസ് പദ്ധതി ആവിഷ്‌കരിച്ചത്. വിദേശ വിദ്യാർത്ഥികൾക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ എസ്‌ഡിഎസ് പദ്ധതി പ്രയോജനപ്പെട്ടിരുന്നുചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ മുന്നില്‍ കണ്ടായിരുന്നു ഈ പദ്ധതി ആവിഷ്‌കരിച്ചിരുന്നത് . ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു ഈ പദ്ധതിയില്‍ കാനഡ പരിഗണിച്ചിരുന്നത്. പ്രാദേശിക സമയം നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകള്‍ മാത്രമെ പരിഗണിക്കൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പോലെയാകും ഇനി പരിഗണിക്കുക.

