Sunday, May 19, 2024
spot_img

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി കാനഡ. കുടിയേറ്റ നിയമത്തില്‍ കാനഡ ഏതെങ്കിലും നിലയില്‍ അയവുവരുത്തിട്ടില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരെ കാനഡയിലേക്ക് കുടിയേറാന്‍ അനുവദിച്ചുവെന്ന ജയശങ്കറിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മില്ലര്‍.

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യക്കാരെ അടുത്തിടെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പരാമര്‍ശങ്ങളെ കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ എതിര്‍ത്തു. വിദ്യാര്‍ത്ഥികളുടെ വിസയിലാണ് അറസ്റ്റിലായ മൂവരും കാനഡയിലേക്ക് എത്തിയത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മില്ലര്‍ പക്ഷേ സ്ഥിരീകരിച്ചില്ല. ‘ ഞങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ ആര്‍ക്കും അയവു നല്‍കിയിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അര്‍ഹതയുണ്ട്. അദ്ദേഹത്തിന്റ മനസ്സിലുള്ളത് പറയട്ടെ, പക്ഷേ അത് കൃത്യമല്ല’ കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. പ്രതിയുടെ വിസ സ്റ്റാറ്റസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മില്ലര്‍ മറുപടി നല്‍കിയില്ല. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ വിശദാംശങ്ങള്‍ തരാനാവില്ലെന്നായിരുന്നു മറുപടി.

മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ, ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള വ്യക്തികളെ കാനഡ സ്വീകരിച്ചതിനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു. ‘പാകിസ്ഥാന്‍ അനുകൂലികളായ ചില വ്യക്തികള്‍ കാനഡയില്‍ രാഷ്ട്രീയമായി സ്വാധീനമുള്ള ഒരു ലോബി രൂപീകരിച്ചതായും ജയശങ്കര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഖാലിസ്ഥാന്‍ അനുകൂലികളായ ഒരു വിഭാഗം കാനഡയിലെ ജനാധിപത്യം ദുരുപയോഗിക്കുകയും വോട്ടു ബാങ്കു രാഷ്ട്രീയം പിന്തുടരുന്നതായും ജയശങ്കര്‍ പറഞ്ഞു. ഉണ്ടാക്കുകയും ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷ സര്‍ക്കാരിന്റെ വോട്ട് ബാങ്ക് ഇവരാണെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ ‘തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന അക്രമത്തിന്റെ വക്താക്കളെയാണ് ‘ ട്രൂഡോയുടെ സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

2023 ജൂണില്‍ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത്. ഇന്ത്യ നിരോധിച്ച ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയിലെ അംഗമായിരുന്നു നിജ്ജാര്‍. ഇതിനോടു ബന്ധപ്പെട്ടാണ് കാനഡയിലെ മൂന്നു പേരുടെ അറസ്റ്റുണ്ടായത്. ഇവര്‍ ഇന്ത്യാക്കാരാണെന്ന് ആരോപിച്ചെങ്കിലും ഇതുവരെ ഔദ്യോഗികമായി ഇന്ത്യയെ ഇക്കാര്യം അറിയിച്ചിട്ടില്ല. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌ററിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യാ- കാനഡ നയതന്ത്രബന്ധവും മോശമായി.

Related Articles

Latest Articles