Tuesday, May 21, 2024
spot_img

പയ്യന്നൂരിൽ മെമ്പർഷിപ്പ് എടുക്കാത്തതിന്റെ പേരിൽ ഓട്ടോ ഓടിക്കുന്നത് വിലക്കി സിഐടിയു; തൊഴിലെടുക്കാനുള്ള ‘അവകാശം നിഷേധിക്കുന്നുവെന്ന’ പരാതിയുമായി അർബുദ രോഗി

കണ്ണൂർ∙: സിഐടിയു അംഗത്വമെടുക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക് വിലക്ക്. പയ്യന്നൂർ കാങ്കോലിൽ അർബുദ രോഗിയായ എം.കെ. രാജനാണ് സിഐടിയു അംഗത്വമെടുക്കാത്തതിന് തൊഴിലെടുക്കാനുള്ള ‘അവകാശം നിഷേധിക്കുന്നുവെന്ന പരാതിയുമായി രംഗത്തുവന്നത്.

കഴിഞ്ഞ 28 വർഷം പയ്യന്നൂർ നഗരത്തിൽ ഓട്ടോ ഓടിച്ചാണ് കാങ്കോലിലെ എം.കെ. രാജൻ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ മൂന്നു വർഷം മുൻപ് രക്താർബുദം വന്നതോടെ ഈ 56 വയസുകാരന്റെ ജീവിതവും കഷ്ടത്തിലായി.തുടർന്ന് മലബാർ ക്യാൻസർ സെന്ററിൽ സഹോദരന്റെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് നിലവിൽ ചികിത്സ നടക്കുന്നത്.

കഷ്ടപ്പാടുകൾക്കിടയിലുംജീവിതം മുന്നോട്ട് കൊണ്ടുപോകാൻ രാജൻ പുതിയൊരു ഓട്ടോറിക്ഷ വാങ്ങി കാങ്കോലിൽ ഓടാൻ തീരുമാനിച്ചു. കാങ്കോലിൽ തന്നെയാണ് വണ്ടിയുടെ പെർമിറ്റും.

എന്നാൽ പയ്യന്നൂരിൽ ഐഎൻടിയുസി യൂണിയനിൽ മെമ്പറായിരുന്ന രാജന് കാങ്കോലിൽ ഓടണമെങ്കിൽ സിഐടിയു മെമ്പർഷിപ്പെടുക്കണമെന്നാണ് സിഐടിയു തൊഴിലാളികള്‍ പറയുന്നത്.

അപേക്ഷ നൽകിയിട്ട് ആറ് മാസത്തിലേറെയായെങ്കിലും സിഐടിയു ഓട്ടോ ഓടാനുള്ള അനുവാദം നൽകിയില്ലെന്ന് രാജൻ പറയുന്നു. പ്രശ്ന പരിഹാരത്തിനായി പയ്യന്നൂർ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം പെരിങ്ങോം സിഐ ചർച്ച നടത്തിയിരുന്നു.

അതേസമയം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും ഈ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. എന്നാൽ പരിഹാരം ഉണ്ടായില്ല. മെമ്പർഷിപ്പ് എടുക്കാൻ രാജൻ തയാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് സിഐടിയുവിന്റെ ഉയർത്തുന്നവാദം.

Related Articles

Latest Articles