Tuesday, May 14, 2024
spot_img

അഗ്‌നിപഥ് രാഷ്ട്രീയവിവാദങ്ങൾക്കിടെയിലും പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റം; മാനദണ്ഡങ്ങൾ ലംഘിച്ച് എത്തിയവർക്ക് മുട്ടൻ പണി

കണ്ണൂർ: അഗ്‌നിപഥ് രാഷ്ട്രീയവിവാദങ്ങൾക്കിടെയിലും പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റം. കണ്ണൂരിൽ വ്യോമസേന നടത്തിയ പരീക്ഷയെഴുതാൻ നൂറ് കണക്കിന് ഉദ്യോഗാർത്ഥികളാണ് അതിരാവിലെ എത്തിയത്. ഇതിൽ ഡ്രസ്‌കോഡ് പാലിക്കാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ഹാൾ ടിക്കറ്റിലെ നിർദ്ദേശങ്ങൾ വായിച്ചു നോക്കാതെ എത്തിയവരും ഉണ്ടായിരുന്നു. ഫുൾ കൈ ഷർട്ടും വാച്ച്, മാല, മൊബൈൽ ഫോൺ, ബെൽറ്റ്, ഷൂ എന്നിവ അണിഞ്ഞെത്തിയ ഉദ്യോഗാർത്ഥികളെ അതൊക്കെ പുറത്ത് ഊരിവയ്‌പ്പിച്ചാണ് പരീക്ഷാ നടത്തിപ്പുകാർ പരീക്ഷാഹാളിലേക്ക് കടത്തിവിട്ടത്.

ഇതു ഉദ്യോഗാർത്ഥികളിൽ പ്രതിഷേധമുണ്ടാക്കിയെങ്കിലും അധികൃതർ അയയാതെ വന്നപ്പോൾ അവർ ഒടുവിൽ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ഫുൾ കൈഷർട്ടിട്ടു വന്നവർ അതു അഴിച്ചു പുറത്തുവച്ചാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്ലൗഡ് 9 സൈബർ സ്പെയ്സ് സെന്ററിൽ സജ്ജമാക്കിയ പരീക്ഷാഹാളിലേക്ക് കയറ്റി വിട്ടത്.

ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്ക് കണ്ണൂരിലാണ് പരീക്ഷാ കേന്ദ്രമൊരുക്കിയിരുന്നു. ഞായറാഴ്‌ച്ച മുതലാണ് കണ്ണൂരിൽ വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി പ്രാഥമിക പരീക്ഷ തുടങ്ങിയത്. രാവിലെ ഒൻപതു മുതൽ 10.25 വരെയാണ്.

കേരളത്തിൽ തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളാണ് മറ്റു പരീക്ഷാ കേന്ദ്രങ്ങൾ.നേരത്തെ അഗ്നീവീർ പരീക്ഷ എഴുതുന്നവർക്ക് മാർഗനിർദേശങ്ങളുമായി ബിജെപി ജില്ലാകമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ ഹെൽപ് ഡെസ്‌ക് തുടങ്ങിയിരുന്നു. കണ്ണൂരിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ പലരും ബിജെപി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അപേക്ഷ അയച്ചിരുന്നത്.

Related Articles

Latest Articles