Sunday, May 19, 2024
spot_img

ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; അന്വേഷണ സംഘം കേരളത്തിലേക്ക്, ബെല്ലാരിയിൽ നിരോധനാജ്ഞ

ബെല്ലാരി: ദക്ഷിണ കന്നഡ ജില്ലയിലെ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ പുത്തൂര്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയില്‍ പോലീസ് സുരക്ഷയും ശക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബെല്ലാരിയില്‍ വച്ച് ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ അജ്ഞാതസംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ബെല്ലാരി ഗ്രാമത്തിലും, ദക്ഷിണ കന്നഡ ജില്ലയിലുമെല്ലാം സംഭവത്തിന് പിന്നാലെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരു, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് കൂടുതല്‍ പോലീസ് സേനയെ അയച്ചിട്ടുണ്ട്. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്നതിനായി പോലീസിന്റെ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് അന്വേഷണ സംഘങ്ങള്‍ കേരളത്തിലെത്തി അന്വേഷണം നടത്തും. ഒരു സംഘം മഡികേരിയിലും മറ്റൊരു സംഘം ഹസനിലെത്തി അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ റുഷികേശ് സോനാനയ് വ്യക്തമാക്കി.

ബെല്ലാരയ്‌ക്ക് സമീപം കോഴിക്കടയുടെ ഉടമയായ നെട്ടാരുവിനെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അ‍ജ്ഞാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ചുകിടന്ന പ്രവീണിനെ പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്.

Related Articles

Latest Articles