കുമളി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തിരുവനന്തപുരത്തുനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. അട്ടപ്പള്ളം പുതുവലിൽ കണ്ടത്തിൽ കെ.വൈ.വർഗീസാണ് (47) അപകടത്തിൽ മരിച്ചത്. കാറിലെ മറ്റ് യാത്രക്കാരായ കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ് ബിനോയ് നടൂപ്പറമ്പിൽ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് ഇവർ സഞ്ചരിച്ച കാർ റാന്നിയ്ക്കു സമീപം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച വർഗീസ് വൈകുന്നേരം 5 മണിയോടെ മരിക്കുകയായിരുന്നു.

