തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ മന്ത്രി രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം നടന്നത്.
മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ പെട്ടന്ന് പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. തുടർന്ന് വണ്ടി നിയന്ത്രണം വിട്ടു, എന്നാൽ വേഗത കുറവായതിനാൽ വൻ അപകടമൊഴിവായി.
അപകടത്തിൽപ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. രണ്ട് ലക്ഷം കിലോ മീറ്ററിലേറെ ഓടിയ ഇന്നോവ കാറാണ് ധനമന്ത്രി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ സ്ഥിതി വളരെ മോശമാണ് ഇതാണ് അപകട കാരണമെന്നാണ് സൂചന. പുതിയ വാഹനം വാങ്ങാൻ ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ കണക്കിലെടുത്ത് തനിക്ക് പുതിയ വാഹനം വേണ്ടെന്ന നിലപാടിലാണ് ബാലഗോപാൽ.

