Thursday, May 16, 2024
spot_img

ആ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് ലളിതകലാ അക്കാദമി; അക്കാഡമി നിലപാട് തിരുത്തണമെന്ന് സര്‍ക്കാരും പ്രതിപക്ഷവും

തൃശൂര്‍: ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായ സാഹചര്യത്തില്‍, പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വ്യക്തമാക്കി. അതേസമയം കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഒരേ നിലപാടെടുത്ത് സര്‍ക്കാരും പ്രതിപക്ഷവും.

പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ മതവികാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയ ജൂറിക്ക് വീഴ്ച സംഭവിച്ചോ എന്ന് അക്കാദമി പരിശോധിക്കട്ടെ എന്നുമായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരമാണ് വിവാദമായത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെസിബിസി ഉള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയത്.

എ കെ ബാലന്റെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലളിതകലാ അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണ്. അതില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്ന് കാനം പറഞ്ഞു.

മത ചിഹ്നങ്ങളെ അപമാനിച്ച കാര്‍ട്ടൂണിനു അവാര്‍ഡ് കൊടുത്തത് ശരിയല്ലെന്ന് നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിനോട് സാംസ്‌കാരിക മന്ത്രി എ കെ ബാലനും യോജിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ബാലന്‍ പറഞ്ഞു.

മത വികാരങ്ങളെ വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതെന്നും അക്കാഡമി നിലപാട് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അവാര്‍ഡ് നല്‍കിയത് പുനഃ പരിശോധിക്കണമെന്നും നിയമസഭയില്‍ സബ്മിഷനില്‍ ചെന്നിത്തല പറഞ്ഞു. ഇതിന് മറുപടി നല്‍കിയ സാംസ്‌കാരിക മന്ത്രി പ്രകോപനപരമാണ് അവാര്‍ഡ് കിട്ടിയ കാര്‍ട്ടൂണെന്നും മത ചിഹ്നങ്ങളെ അപമാനിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Related Articles

Latest Articles